പരീക്ഷക്ക് ശേഷം മുഹമ്മദ് ഷാനിഫിനൊപ്പം വീൽചെയറിൽ വരുന്ന അഷ്ഫിൻ ഫൈസൽ
കോട്ടക്കൽ: പത്താംതരം പരീക്ഷ ആത്മവിശ്വാസത്തോടെയെഴുതി അഷ്ഫിൻ ഫൈസൽ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. പരീക്ഷ സഹായിക്കും പ്രിയ സുഹൃത്ത് മുഹമ്മദ് ഷാനിഫിനും സമ്മാനങ്ങൾ കൈമാറിയും എല്ലാവരോടും നന്ദി പറഞ്ഞുമാണ് സ്കൂളിൽ നിന്നിറങ്ങിയത്. എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗബാധിതനായ അഷ്ഫിന് തുടർചികിത്സയാണ് പ്രധാനം. കൂടാതെ താൻ ഇതിനകം സ്വായത്തമാക്കിയ ഐ.ടിയിലൂടെ പ്രോഗ്രാം കോഡിങ് ചെയ്യുകയും ലക്ഷ്യമാണ്. കോട്ടക്കൽ സ്വാഗതമാട് സ്വദേശി കാലൊടി മുതുവിൽ ഫൈസൽ മുനീറിന്റെയും ജസീനയുടെയും മകനാണ്. ദുബൈ ഹോട്ടലിൽ ഐ.ടി മാനേജരാണ് ഫൈസൽ. കുടുംബം വർഷങ്ങളായി അജ്മാനിലാണ്. ജനിച്ച് ഒന്നര വർഷത്തിന് ശേഷമാണ് അഷ്ഫിൻ രോഗബാധിതനായത്. വിവിധ ചികിത്സകളിലൂടെയാണ് ജീവിതയാത്ര. ആറാംതരം വരെ ഗൾഫിലായിരുന്നു പഠനം. ഏഴിലാണ് കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസിൽ ചേരുന്നത്. ഓരോ വർഷവും പരീക്ഷയെഴുതാൻ നാട്ടിലെത്തി തിരിച്ചു പോകും. യുട്യൂബ് വഴിയായിരുന്നു തുടർ പഠനങ്ങൾ.
സ്കൂളിലെത്തിയാൽ ബന്ധു കൂടിയായ കാലൊടി ഷംസുദ്ദീന്റെയും റൈഹാനത്തിന്റെയും മകൻ മുഹമ്മദ് ഷാനിഫാണ് ഒപ്പമുണ്ടായിരുന്നത്. ഹിന്ദിയും, മലയാളവും ഓൺലൈൻ ട്യൂഷനിലൂടെ ഈസിയാക്കി. പരീക്ഷ എളുപ്പമായിരുന്നുവെന്ന് അഷ്ഫിൻ പറഞ്ഞു. മോഡൽ പരീക്ഷക്ക് ഉമ്മക്കൊപ്പമാണ് നാട്ടിൽ എത്തിയത്. ഇതിനിടെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയും തേടി. ഓൺലൈൻ വഴിയായിരുന്നു പഠനമെങ്കിലും പത്ത് എ ഡിവിഷനിലെ കൂട്ടുകാർക്കും അധ്യാപകർക്കും പ്രിയപ്പെട്ടവനാണ് അഷ്ഫിൻ. നാലു മാസം കൂടുമ്പോഴാണ് സ്പൈനൽ ഇഞ്ചക്ഷൻ നൽകേണ്ടത്.
ഓരോ ഇഞ്ചക്ഷനും ചെലവേറിയതിനാൽ പലരുടെയും സഹായത്തോടെയാണ് ചികിത്സ. കുട്ടിക്കാലത്ത് മരുന്ന് ലഭ്യമായിരുന്നില്ലെങ്കിലും ഒരു വർഷമായി ലഭിക്കുന്ന ഇഞ്ചക്ഷൻ ചെറിയ തോതിലെങ്കിലും ആശ്വാസമാണെന്ന് പിതാവ് ഫൈസൽ പറഞ്ഞു. നാട്ടിലെത്തിയാൽ വല്യുപ്പ കോയക്കുട്ടി ഹാജിയും ജ്യേഷ്ഠസഹോദരനും കൊല്ലം ടി.കെ.എം കോളജ് വിദ്യാർഥിയുമായ അഷ്മൽ ഫൈസലും കുടുംബാംഗങ്ങളും ഒപ്പമുണ്ടാകും. ഐ.ടി മേഖല വളരെയധികം ഇഷ്ടമുള്ള അഷ്ഫിന് സൈബർ സെക്യൂരിറ്റിയോടാണ് ഇഷ്ടം. വീൽചെയറിൽ ജീവിതം തളച്ചിടാതെ ശാസ്ത്രഞ്ജനായി മാറിയ സ്റ്റീഫൻ ഹോക്കിങ്ങാണ് പ്രചോദനം. കൈപിടിച്ചുയർത്താൻ സഹോദരങ്ങളായ അഷാൽ നഫീസ, അഷ്ബ ഫാത്തിമ, അഷ്മി മെഹവിഷ് എന്നിവരൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.