കോട്ടക്കൽ: പത്താംതരം പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഈ വിദ്യാർഥി എല്ലാ ദിവസവും സ്കൂളിലെത്തണം. ഇല്ലെങ്കിൽ സർക്കാരിെൻറ തുടർ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇതോടെ കണ്ണീരിലാണ് സ്പൈനൽ മസ്കുലർ അട്രോഫി രോഗിയായ അശ്വിനും രക്ഷിതാക്കളായ പൊന്മള പൂവാട് സ്വദേശി ഉണ്ണിയും ജിഷിതയും. ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. ചെറുവിരൽ പോലും അനക്കാൻ കഴിയില്ല.
സങ്കലിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി പേര് സ്കൂൾ രജിസ്റ്ററിലുണ്ടെങ്കിലും ഇതുവരെ സ്കൂളിൽ പോയിട്ടില്ല. എന്നാൽ, എസ്.എസ്.എൽ.സി പരീക്ഷ വിദ്യാർഥിക്കും കുടുംബത്തിനും തീരാ കടമ്പയായിരിക്കുകയാണ്. എഴുതാൻ സഹായിയുണ്ടെങ്കിലും ഇത്തരം ശാരീരിക വൈകല്യങ്ങളുള്ള കുട്ടികൾ പരീക്ഷക്ക് വരണമെന്ന നിയമമാണ് കുടുംബത്തിന് തിരിച്ചടിയായത്.
ഇതോടെ പരീക്ഷ ദിവസങ്ങളിൽ ഓട്ടോറിക്ഷയിൽ കിലോമീറ്ററുകൾ താണ്ടി സ്കൂളിലെത്തണം. ഇരിക്കാൻ പോലും കഴിയാത്തതിനാൻ ക്ലാസ് മുറിയിൽ നാല് ബഞ്ചുകൾ കൂട്ടിയിട്ട് പരീക്ഷ കഴിയും വരെ ഒരേ കിടപ്പാണ് അശ്വിൻ. ഇതിനകം രണ്ട് ദിവസം ഹാജരായി. ഇനി ഏഴു പരീക്ഷകൾക്കും എത്തണം.
പരീക്ഷയുള്ള ദിവസങ്ങളിൽ കൂലിപ്പണി ഒഴിവാക്കി മകെൻറ കൂടെ കരുതലുമായി രക്ഷിതാക്കളും കാത്തിരിക്കും. വാഹനവാടകയും മറ്റും കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണെന്ന് പിതാവ് ഉണ്ണി പറയുന്നു. മൂന്നു മക്കളിൽ ഇളയവനാണ് പതിനഞ്ചുകാരനായ അശ്വിൻ.
മൂത്തമകൾ ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിക്കുകയാണ്. രണ്ടാമത്തെയാളും വിദ്യാർഥിയാണ്. വഴിയില്ലാത്തതിനാൽ പലരുടേയും സഹായത്തോടെ കുത്തനെയുള്ള കയറ്റം കയറി വേണം റോഡിലെത്തിക്കാൻ. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പി.ടി.എ യും സുമനസ്സുകളുടെ സഹായത്തോടെ നിർമ്മിച്ച് നൽകിയ കുഞ്ഞുവീട്ടിലാണ് കുടുംബം കഴിയുന്നത്.
ഇത്രയും കാലം പുറത്തിറങ്ങാത്ത അശ്വിൻ ചെറിയ ശബ്ദം കേട്ടാൽ പോലും പേടിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിെൻറ ഭാഗത്ത് നിന്ന് ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.