കോട്ടക്കൽ: കുഞ്ഞുപ്രായത്തിൽ ജൈവവൈവിധ്യ ഉദ്യാനമൊരുക്കി കാർത്തിക്. കോട്ടക്കൽ കൈപ്പള്ളിക്കുണ്ടിലെ സൗപർണികയിലാണ് കോട്ടക്കൽ ഗവ. യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി കാർത്തിക് ‘ശലഭോദ്യാനം’ ഒരുക്കിയിരിക്കുന്നത്. കേരള ലേണിങ് ടീച്ചേഴ്സ് ഗ്രൂപ് അംഗവും പാലക്കാട് അഹല്യ എൻജിനീയറിങ് കോളജ് അധ്യാപകനുമായ പിതാവ് ദിനേശിനൊപ്പം ക്ലാസുകൾ എടുക്കാനും പാർക്ക് നിർമാണത്തിനും വിവിധ സ്കൂളുകളിൽ പോയാണ് തുടക്കം. ഇതോടെ കാർത്തിക് ശലഭ ഉദ്യാനത്തിന് താൽപര്യം പ്രകടിപ്പിച്ചു.
കേരളത്തിലെ ആദ്യത്തെ ഡിജിറ്റലൈസഡ് ജൈവവൈവിധ്യ പാർക്ക് കടുങ്ങാപുരം ചൊവ്വാണ ജി.എൽ.പി സ്കൂളിൽ ഒരുക്കിയതും ദിനേശിന്റെ നേതൃത്വത്തിൽ ആയിരുന്നു.ഇതോടെ കാർത്തിക്കിനും ഹരമായി. ഇതേ രീതിയിൽ തന്റെ ശലഭ ഉദ്യാനത്തിലെ ചെടികളിലും ക്യൂ.ആർ കോഡ് സംവിധാനം ഒരുക്കി തരാൻ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. ചെടികളിൽ തൂക്കിയിട്ടിരിക്കുന്ന കാർഡിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ചെടിയുടെ പേര്, ശാസ്ത്രീയ നാമം, അതിൽ വരുന്ന ശലഭത്തിന്റെ പേര്, ഇന്റർനെറ്റിൽ തിരയാനുള്ള ലിങ്ക് എന്നിവ ലഭിക്കുമെന്നതാണ് ശ്രദ്ധേയം.
ദിവസവും രാവിലെയും വൈകീട്ടും ചെടികൾക്ക് വളം നൽകാനും പരിപാലനം നടത്താനും കാർത്തിക് സമയം കണ്ടെത്തുന്നു. ശലഭങ്ങളെ ആകർഷിക്കുന്ന തെച്ചി, ചെമ്പരത്തി, ലൻറാന, സീനിയ, കൂഫിയ തുടങ്ങിയ വിവിധ വർണപ്പൂക്കളുണ്ടാകുന്ന ചെടികളാണ് ശേഖരത്തിൽ പ്രധാനമായും ഉള്ളത്. ഭൂരിഭാഗത്തിനും ക്യൂ.ആർ കോഡ് സംവിധാനം ആയിക്കഴിഞ്ഞു. പ്രോത്സാഹനമായി ജൈവിക കുടുംബശ്രീ പ്ലാൻ നഴ്സറി ഉടമ സരിതയും അച്ഛമ്മ ലീലയും സഹോദരൻ കശ്യപ് ദിനേശും സ്കൂൾ അധികൃതരും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.