കോട്ടക്കൽ: ആറുവരിപാത നിർമാണം പുരോഗമിക്കുന്ന കോഴിക്കോട് -തൃശൂർ പാതയിൽ പുതിയ പേരിട്ട സ്ഥലത്ത് സ്ഥാപിച്ച ബോർഡ് മറിച്ചിട്ട നിലയിൽ. കോട്ടക്കൽ നഗരസഭ കൗൺസിൽ യോഗ തീരുമാനപ്രകാരം സ്വാഗതമാടിനും ചിനക്കലിനുമിടയിലുള്ള ഭാഗത്തിനാണ് ‘സമാധാനപുരം’എന്ന പേര് നൽകിയത്. പാത നവീകരണത്തിന്റെ ഭാഗമായി പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രമടക്കം വരുന്നതിനാൽ നഗരസഭ പ്രത്യേക സ്ഥലനാമം നൽകുകയായിരുന്നു. വാർഡംഗം നസീറ കോയാപ്പു അവതരിപ്പിച്ച പ്രമേയം കൗൺസിൽ പാസാക്കിയതിന് പിന്നാലെ ചെനക്കലിലും പുതിയ സ്ഥലത്തും രണ്ട് ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു. ഈ രണ്ടു ബോർഡുകളും പിഴുതിട്ട നിലയിലാണിപ്പോൾ.
നഗരസഭ 24ാം വാർഡിൽ ഉൾപ്പെട്ട ചിനക്കലിന് പുറമെ എടരിക്കോട് പഞ്ചായത്ത് പത്താം വാർഡിൽ ഉൾപ്പെട്ട ഭാഗത്തുമാണ് ബോർഡുകൾ ഉയർന്നത്. എന്നാൽ ഇത്തരമൊരു തീരുമാനവും ചർച്ചയും നടത്തിയിട്ടില്ലെന്നാണ് പഞ്ചായത്ത് ബോർഡ് പറയുന്നത്. മാത്രമല്ല, ജന്മസ്ഥലമായ സ്വാഗതമാടിന് പകരം മറ്റൊരു പേര് നൽകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ ഹൈവേയിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്തിന് സ്വാഗതമാട് ജങ്ഷൻ എന്നാക്കണമെന്നാണ് പഞ്ചായത്ത് അധികൃതരോട് ഇവർ ആവശ്യപ്പെടുന്നത്.
പഞ്ചായത്തിൽ പെട്ട സ്ഥലത്തിന് കോട്ടക്കൽ നഗരസഭ എങ്ങനെ നാമകരണം ചെയ്യുമെന്നും ഇവർ ചോദിക്കുന്നു. നിർബന്ധമാണെങ്കിൽ ചിനക്കലിന് പകരം പുതിയ പേര് നൽകട്ടെയെന്നാണ് ഇവരുടെ വാദം. എന്നാൽ ചിനക്കൽ നിവാസികളും കടുത്ത എതിർപ്പിലാണ്. പൗരാണികമായി അറിയപ്പെടുന്ന ചിനക്കലിന് പുതിയ പേര് നൽകരുതെന്നാണ് ഇവരും മുന്നോട്ടു വെക്കുന്ന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.