കോട്ടക്കൽ: നാട്ടുകാരൻ പീഡിപ്പിച്ചെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയ യുവതിയെ മറ്റൊരു സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടത് വിവാദമായി. തിരൂർ പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഓട്ടോറിക്ഷയിൽ യുവതി പരാതിയുമായി എത്തുന്നത്. വിവരം പറഞ്ഞെങ്കിലും പരാതി എഴുതിയെടുക്കാനോ വിവരങ്ങൾ ശേഖരിക്കാനോ പൊലീസ് തയാറായില്ല. സംഭവം നടന്നത് കോട്ടക്കലിലാണെന്ന് യുവതി പറഞ്ഞതോടെ അങ്ങോട്ടേക്ക് പോകാൻ പൊലീസ് നിർദേശിക്കുകയായിരുന്നു. ഇതിനായി സത്യവാങ്മൂലവും കൊടുത്തു.
തുടർന്ന് വൈകീട്ട് 5.30ഓടെയാണ് ഇതേ ഓട്ടോറിക്ഷയിൽ ഇവർ കോട്ടക്കലിൽ എത്തുന്നത്. ഇരയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തണമെന്നും ജാഗ്രതയുണ്ടായിരിക്കണമെന്നുമുള്ള നിർദേശങ്ങൾ തള്ളിയാണ് യുവതിയെ പറഞ്ഞുവിട്ടതെന്നാണ് ആരോപണം. കോട്ടക്കലിൽ എത്തിയ യുവതിയുടെ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, ഓട്ടം പോയ ഓട്ടോ ഡ്രൈവർ രണ്ടു പൊലീസ് സ്റ്റേഷനുകളിലായി കുടുങ്ങിയത് ഏഴു മണിക്കൂറോളമാണ്. തിരൂർ ജില്ല ആശുപത്രിയിൽ ബന്ധുവിനെ കാണാനെത്തിയതായിരുന്നു ഇയാൾ. ഇയാളോട് തിരൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടം പോകണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രി 10.30ഓടെയാണ് ഡ്രൈവറെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്. തിരൂരിലെ സന്നദ്ധ പ്രവർത്തകൻ കൂടിയാണിയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.