കോട്ടക്കല്‍: ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിലെ മുറികള്‍ തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധവുമായി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍. വിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുകയായിരുന്നു.
നാലുമാസം മുമ്പ് തുറന്നുകൊടുത്തതാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ്. എന്നാല്‍, മുറികള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നില്ലെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം.മറ്റൊരു വിഷയത്തില്‍ അടിയന്തിര കൗണ്‍സില്‍ ചേര്‍ന്നതോടെ ഷോപ്പിടെ മുറികളുടെ കാര്യത്തില്‍ അടിയന്തര ചര്‍ച്ചയും പരിഹാരവും വേണമെന്നാവശ്യവുമായി എല്‍.ഡി.എഫ് രംഗത്തെത്തി.
യോഗം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയര്‍ തള്ളുകയായിരുന്നു. ഇതോടെ മുദ്രാവാക്യം വിളിയോടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. മുസ്ലിം ലീഗിനകത്തെ കടുത്ത ഭിന്നത കാരണമാണ് വാടക നിശ്ചയിച്ച് നല്കാന് കഴിയാത്തതെന്നും ലേലം ചെയ്ത് കഴിഞ്ഞ മുറികള്‍ ഉടമസ്ഥര്‍ക്ക് കൈമാറാത്തതിനാല്‍ ഭീമമായ സംഖ്യയാണ് മാസം തോറും നഷ്ടമായി കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ടി. കബീര്‍ പറഞ്ഞു. പ്രതിഷേധത്തിന് കൗണ്‍സിലര്‍മാരായ കെ. ദിനേശന്, എന്‍. ഫഹദ്, യു. രാഗിണി, കെ. മുഹമ്മദ് ഹനീഫ, സറീന സുബൈര്‍, അടാട്ടില്‍ റഷീദ, സരള എന്നിവര്‍ നേതൃത്വം നല്കി.
വിഷയം നേരത്തേ വന്ന അജണ്ടയില്‍ ഉള്‍പ്പെടുത്തിയതാണെന്നും തുടര്‍നടപടികളുമായി മുന്നോട്ടുപേകുകയാണെന്നും നഗരസഭ അധ്യക്ഷ ബുഷ്റ ഷബീര്‍ അറിയിച്ചു. അടുത്തമാസം പതിനഞ്ചിനാണ് അടുത്ത ലേലനടപടികള്‍.തുടര്‍ന്ന് കൗണ്‍സില്‍ തീരുമാനമെടുത്ത് മുറികള്‍ തുറന്നുകൊടുക്കും. അതേസമയം, അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ നഗരസഭക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് അടുത്ത നീക്കമെന്ന് എല്‍.ഡി.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.