മഞ്ചേരി: പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതക്കായി ഏറ്റെടുത്ത ഭൂമിയുടെ വിലനിർണയത്തിലെ അപാകത തീർക്കാൻ തീരുമാനം. കഴിഞ്ഞ 30ന് ജില്ലയിൽ എത്തിയ ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശികിന്റെ നിർദേശത്തെ തുടർന്നാണിത്. കാറ്റഗറി മാറ്റം ആവശ്യപ്പെട്ട് ഇതുവരെ 45 പരാതികളാണ് ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽ ലഭിച്ചത്.
മൂന്ന് മീറ്ററിൽ താഴെയുള്ള വഴികളും ചവിട്ടുവഴികളും പാലക്കാട് ജില്ലയിൽ ചെയ്തതുപോലെ വഴിയായിട്ട് അംഗീകരിക്കുക, ഭൂ ഉടമകൾ പരസ്പരം വിട്ടുകൊടുത്ത് ഉപയോഗിച്ചു പോരുന്നതും സ്ഥല പരിശോധനയിൽ കാണാൻ കഴിയുന്നതുമായ എല്ലാ വഴികളും അംഗീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാകും പരിഗണിക്കുക. ഭൂമി വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചതിൽ മാറ്റങ്ങൾ ഉണ്ടാകുന്നതോടെ നഷ്ടപരിഹാര തുകയും വർധിക്കും. നിലവിൽ നിശ്ചയിച്ച നഷ്ടപരിഹാരമാണ് വിതരണം ചെയ്യുക.
കാറ്റഗറിയിൽ മാറ്റം വരുന്നതോടെ കൂടുതൽ ആവശ്യമായി വരുന്ന തുക പിന്നീട് വിതരണം ചെയ്യും. ഭൂമി വിവിധ വിഭാഗങ്ങളാക്കി തിരിച്ചപ്പോൾതന്നെ ഇരകൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തുകയും ഡെപ്യൂട്ടി കലക്ടറെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഏറ്റെടുത്ത കൈവശങ്ങളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരമായി ഇതുവരെ 311 കോടി രൂപ വിതരണം ചെയ്തു. 455 കൈവശങ്ങൾക്കാണ് ഇത്രയും തുക നൽകിയത്. ജില്ലയിലെ വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരക്കുണ്ട് വില്ലേജുകളിലൂടെയാണ് പുതിയ ദേശീയപാത.
ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പാതക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഇതില്‍ 53 കിലോമീറ്റര്‍ ദൂരമാണ് ജില്ലയിലൂടെ കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.