കുന്തിപ്പുഴയിലെ അപകട മേഖലയായ തോണിക്കടവ് തടയണയുടെ താഴ്ഭാഗം
പുലാമന്തോൾ: ശാന്തമെന്ന് തോന്നുന്ന കുന്തിപ്പുഴയിൽ കുളിക്കാനെത്തുന്നവർ കരുതിയിരിക്കുക. ശാന്തതക്ക് താഴെയുള്ള ആഴങ്ങളിൽ പതിയിരിക്കുന്നത് അപകടം വിതക്കുന്ന അടിയൊഴുക്കുകൾ. പുലാമന്തോൾ കുന്തിപ്പുഴ തോണിക്കടവ് തടയണക്ക് താഴെയും ഏലംകുളം എളാട് തടയണക്ക് താഴെയുമുള്ള ഭാഗങ്ങളിലാണ് അപകടം പതിയിരിക്കുന്നത്. ഇവിടങ്ങളിൽ കുളിക്കാനെത്തുന്നവർ മുൻകരുതലില്ലാതെ വെള്ളത്തിലിറങ്ങുകയോ ചാടുകയോ ചെയ്യുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നു.
കഴിഞ്ഞ സെപ്റ്റംബർ 16നാണ് മൂർക്കനാട് സ്വദേശി ചെമ്മലശ്ശേരി കുന്തിപ്പുഴ പാറക്കടവിൽ മുങ്ങി മരിച്ചത്. അടിയൊഴുക്ക് മുന്നറിയിപ്പ് അവഗണിച്ച് പുഴയിലെ പാറക്കെട്ടുകൾക്കിടയിലേക്കിറങ്ങുകയാണുണ്ടായതെന്ന് പറയുന്നു. തൊട്ടുമുമ്പ് മാർച്ച് 10ന് കൊപ്പം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പുലാമന്തോൾ തടയണക്ക് താഴെ പുഴയിൽ വീണ് മരിച്ചിരുന്നു. കരിങ്ങനാട് വാടക വീട്ടിൽ വിരുന്നെത്തിയ വല്ല്യച്ചന്റെ കൊച്ചുമോനുമായി പുഴ കാണാനെത്തിയതായിരുന്നു. അബദ്ധത്തിൽ പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാനായെങ്കിലും ഇദ്ദേഹം മുങ്ങി മരിച്ചു.
പുലാമന്തോൾ കുന്തിപ്പുഴ തോണിക്കടവ് തടയണക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്ത് 20 അടിയോളം ആഴത്തിലുള്ള കുഴിയുണ്ടെന്നാണ് മുങ്ങൽ വിദഗ്ദരും ഫയർഫോഴ്സും പറയുന്നത്. ആഴങ്ങളിൽ ഉയർന്നുനിൽക്കുന്ന മണൽ കൂനയിൽ അകപ്പെടുന്നവരാണ് രക്ഷപ്പെടാനാവാതെ അപകടത്തിൽപെടുന്നതെന്നും പറയുന്നു. കുന്തിപ്പുഴയിൽ ഭൂതത്താൻ കടവ്, വൈലാശ്ശേരി കടവ്, ചെമ്മലശ്ശേരി പാറക്കടവ് തുടങ്ങിയ ഭാഗങ്ങളും അപകട മേഖലകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.