മക്കരപ്പറമ്പ് (മലപ്പുറം): ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവർത്തകർ ഓഫിസിൽ പൂട്ടിയിട്ടു. പൊലീസെത്തിയാണ് നേതാക്കളെ തുറന്നുവിട്ടത്.
മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറായിരുന്ന സി. കോയ മരിച്ചതിനെ തുടർന്നുള്ള ഒഴിവിലേക്ക് പുതിയ പ്രസിഡൻറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ്-യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. നിലവിലെ വൈസ് പ്രസിഡൻറ് സുഹ്റാബി കാവുങ്ങലിനെ പ്രസിഡൻറാക്കണമെന്നാണ് ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. ഈ വിഷയത്തിൽ തിങ്കളാഴ്ച ജില്ല സെക്രട്ടറി ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്, മറ്റ് ഭാരവാഹികള്‍, യു.ഡി.എഫ് അംഗങ്ങള്‍ എന്നിവർ ലീഗ് ഓഫിസിൽ യോഗം ചേരുന്നതിനിടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ ഓഫിസ് പൂട്ടിയിട്ടത്. യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഒഴിവാക്കിയെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
നിലവിലെ വൈസ് പ്രസിഡൻറായ വനിത അംഗത്തെ പ്രസിഡൻറാക്കാനായിരുന്നു ലീഗ് നേതാക്കളുടെ തീരുമാനം. എന്നാല്‍, ജനറല്‍ സീറ്റില്‍ ഇതിെൻറ ആവശ്യമില്ലെന്നും യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നും യൂത്ത് ലീഗ് പറയുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരിപ്പിക്കാമെന്ന ഉറപ്പ് നേതാക്കള്‍ അട്ടിമറിച്ചതായും വര്‍ക്കിങ് കമ്മിറ്റി ചേരാതെയാണ് ഏകപക്ഷീയ തീരുമാനമെന്നും പ്രവർത്തകർ പറയുന്നു.
തർക്കത്തെ തുടർന്ന് ബോർഡ് യോഗം മാറ്റിവെച്ചു. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ പ്രസിഡൻറിനെ തീരുമാനിക്കും. പഞ്ചായത്തിലെ 13 വാർഡുകളിൽ മുസ്ലിം ലീഗിന് ഒമ്പതും എൽ.ഡി.എഫിന് ഒന്നും വെൽഫെയർ പാർട്ടിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. പ്രസിഡൻറായിരുന്ന സി. കോയ മരിച്ചതോടെ ഒരു വാർഡിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.