പെരിന്തൽമണ്ണ: നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടത്-വലത് മുന്നണികൾ നേരിയ വോട്ടുവ്യത്യാസം പ്രകടമാക്കുകയും ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികവ് നേടിക്കൊടുക്കുകയും ചെയ്യുന്നതാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിലെ പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിന്റെ രീതി. 2021ൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വോട്ട് വ്യത്യാസത്തിൽ എൽ.ഡി.എഫ് പരാജയപ്പെട്ട മണ്ഡലം. ഇവിടത്തെ തെരഞ്ഞെടുപ്പ് കേസ് തീർന്നിട്ടില്ല. സാധുവായ 348 സ്പെഷ്യൽ തപാൽ വോട്ട് എണ്ണാതെയാണ് ഫലം പ്രഖ്യാപിച്ചതെന്നാണ് ഇടത് സ്ഥാനാർഥി കെ.പി.എം. മുസ്തഫയുടെ ഹരജി.
മണ്ഡലത്തിൽ പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, മേലാറ്റൂർ, താഴേക്കോട് പഞ്ചായത്തുകളും ഇടതുപക്ഷവും ഏലംകുളം, ആലിപ്പറമ്പ്, വെട്ടത്തൂർ പഞ്ചായത്തുകൾ യു.ഡി.എഫും ഭരിക്കുന്നു. മുൻകാല ലോക്സഭ തെരഞ്ഞെടുപ്പുകളിലെല്ലാം പെരിന്തൽമണ്ണ യു.ഡി.എഫിന് മേൽക്കൈ നൽകാറാണ് പതിവ്. 2019 ൽ പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിച്ച തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം ലഭിച്ചു. എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ തമ്മിൽ ശരാശരി 5,000 വോട്ടിന്റെ വ്യത്യാസമാണ് മണ്ഡലത്തിലെന്നാണ് യു.ഡി.എഫ് കണക്കാക്കുന്നത്. എന്നിട്ടും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കേവലം 38 വോട്ടായി. 2016ൽ കനത്ത പോരാട്ടത്തിൽ 70,990 വോട്ട് മഞ്ഞളാംകുഴി അലിയും 70,411 വോട്ട് വി. ശശികുമാറും നേടി. മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം 579ൽ ഒതുങ്ങി. അതേസമയം 2019 ലെ ലോക്സഭ പൊതുതെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി 79,867 വോട്ട് നേടിയപ്പോൾ സി.പി.എമ്മിലെ വി.പി. സാനുവിന് ലഭിച്ചത് 56,829 വോട്ടാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ഏഴിൽ നാലും ഇടതുപക്ഷം ഭരിക്കുന്നുണ്ടെങ്കിലും നിയമസഭ, ലോക്സഭ വോട്ടിൽ ആ സ്ഥിതി കാണാറില്ല. ഈ വോട്ടുകണക്കുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കാണാറ്. നിലവിൽ ഇടതുപക്ഷം ഭരിക്കുന്ന താഴേക്കോട് പഞ്ചായത്താണ് യു.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുക്കാറ്. തൊട്ടുപിറകെ ലീഗ് ഭരിക്കുന്ന ആലിപ്പറമ്പും വെട്ടത്തൂരും. പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോളും ഇടതുപക്ഷത്തിന് അധിക വോട്ട് നേടിക്കൊടുക്കുന്ന പഞ്ചായത്തുകളാണ്. ഇവക്ക് പുറമെ യു.ഡി.എഫ് ഭരിക്കുന്ന ഏലംകുളം പഞ്ചായത്തിലും ഇടതുപക്ഷത്തിനാണ് ഭൂരിപക്ഷമുണ്ടാവാറ്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും തുണക്കുന്നത്.
കഴിഞ്ഞ ഓരോ തെരഞ്ഞെടുപ്പിലും നിർണായക ശക്തിയാവാൻ ബി.ജെ.പിക്ക് ആയിട്ടില്ല. വോട്ടിൽ നേരിയ വ്യത്യാസമേ കാണാറുള്ളൂ. ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡ് അംഗം പോലുമില്ല. 2019 ൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ 9851 വോട്ടാണ് ബി.ജെ.പി നേടിയത്. പാരമ്പര്യ, രാഷ്ട്രീയ വോട്ടുകളേക്കാൾ ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് സംസ്ഥാനത്തെ ഭരണവിലയിരുത്തൽ കൂടിയാണ്. വോട്ടർപട്ടികയിലെ വർധിച്ച യുവജന പ്രാതിനിധ്യത്തെയാണ് ഇടത് സ്ഥാനാർഥി വി. വസീഫ് കാര്യമായി അഭിമുഖീകരിക്കുന്നത്. പരമാവധി വോട്ടർമാരെ നേരിൽ കണ്ടാണ് വസീഫിന്റെ പ്രചാരണം. കേന്ദ്ര സർക്കാർ ഇടപെട്ട് യാഥാർഥ്യമാക്കേണ്ട പ്രധാന വികസന പദ്ധതിയാണ് അലിഗഢ് സർവകലാശാല പെരിന്തൽമണ്ണ ചേലാമല കാമ്പസ്. 14 വർഷമായിട്ടും കേവലം മൂന്ന് റെഗുലർ കോഴ്സുകളിൽ തുടരുകയാണിത്. ഇതെല്ലാം പ്രചാരണ വിഷയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.