നിലമ്പൂര്‍: ഇടവും വലവും ചേർന്ന് മത്സരരംഗത്തിറങ്ങി വിജയിച്ച ആര്യാടൻ മുഹമ്മദിന്റെ ഭൂമികയായിരുന്നു നിലമ്പൂർ. നീണ്ട 40 വർഷം നിയമസഭ സമാജികനും മന്ത്രിയുമായി നിന്ന ആര്യാടനെന്ന രാഷ്ട്രീയ ചാണക്യൻ ഒടുവിൽ മകന് വഴിമാറി കൊടുത്തതോടെ മണ്ഡലം നഷ്ടപ്പെട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽനിന്നും വിട്ടുനിന്ന് മകൻ ഷൗക്കത്തിനെ മത്സരരംഗത്ത് ഇറക്കിയതോടെയാണ് ആര്യാടന്റെ കണക്കുകൂട്ടലുകൾ പിഴച്ചത്. പതിനൊന്നായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പി.വി. അൻവർ ഷൗക്കത്തിനെ മലർത്തിയടിച്ചു. കോൺഗ്രസ് കുടുംബത്തിലെ അംഗമായ അൻവർ വലിയതോതിൽ യു.ഡി.എഫിൽ വിള്ളലുണ്ടാക്കിയാണ് മണ്ഡലത്തിൽ വിജയകൊടി പാറിച്ചത്. തന്റെ വിജയത്തിലൂടെ കുഞ്ഞാലിയുടെ മണ്ണ് വീണ്ടും ചുവപ്പിക്കുകയും ഒപ്പം കോൺഗ്രസിന് കനത്ത പ്രഹരവുമാണ് അൻവർ ഏൽപ്പിച്ചത്. അതേസമയം 1965ൽ കേരള നിയമസഭ മണ്ഡലമായ നിലമ്പൂർ, എല്ലാകാലവും യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് പാർലമെന്റിലുണ്ടാക്കിയത്. ഒരിക്കൽ മാത്രമാണ് ടി.കെ. ഹംസയിലൂടെ മണ്ഡലം ഇടതുപക്ഷത്തേക്ക് ചാഞ്ഞത്.
മഞ്ചേരി ലോക്സഭയുടെ ഭാഗമായിരുന്ന 2004ൽ കെ.പി.എ. മജീദിനെ പരാജയപ്പെടുത്തി ടി.കെ. ഹംസ ചരിത്രവിജയം നേടി. 1980ൽ ആര്യാടൻ മുഹമ്മദ്, എ.കെ. ആന്റണി ഉൾപ്പടെയുള്ളവർ ഇടതുപക്ഷത്തോടൊപ്പം നിന്നെങ്കിലും 80ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം യു.ഡി.എഫിന് ഒപ്പംനിന്നു. 2019ല്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ നിലമ്പൂർ മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷം പിറവിയെടുത്തു. 61, 660 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. എന്നാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാംതവണയും മത്സരരംഗത്തിറങ്ങിയ പി.വി. അന്‍വർ 2750 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി.വി. പ്രകാശിനെ പരാജയപ്പെടുത്തി മണ്ഡലത്തിൽ ഇടതിന്റെ വേരുറപ്പിച്ചു. ഇത്തവണ രാഹുല്‍ ഗാന്ധി വീണ്ടും മത്സരത്തിനിറങ്ങുമ്പോള്‍ വയനാട് ലോക്സഭ മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു.
കഴിഞ്ഞതവണ രാഹുല്‍ ഇംപാക്ടിൽ കേരളത്തിലെ 20ല്‍ 19ഉം യു.ഡി.എഫിന് ലഭിച്ചു. എന്നാൽ ഇത്തവണ അത്രകണ്ട് തരംഗം മണ്ഡലത്തിൽ പ്രകടമല്ല. നല്ല മത്സരം നടക്കുന്നുവെന്നാണ് വിലയിരുത്തൽ. ദേശീയ രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായ ആനി രാജ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെ മത്സരരംഗം ചൂട് പിടിച്ചിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെ തന്നെ സ്ഥാനാർഥിയാക്കി വോട്ടുറപ്പിക്കാനും മറ്റുപരമാവധി വോട്ട് നേടാനുമുള്ള തന്ത്രമാണ് എൻ.ഡി.എ പയറ്റുന്നത്. ആനി രാജ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി പരമാവധി വോട്ടർമാരെ കാണുന്നുണ്ട്. മണ്ഡലത്തിൽ അവർ നിറഞ്ഞുനിൽകുകയാണ്. രണ്ടാംഘട്ട പ്രചാരണം അവസാനഘട്ടത്തിലുമാണ്. സുരേന്ദ്രനും മത്സരരംഗത്ത് സജീവമായുണ്ട്. സ്മൃതി ഇറാനിയെ ഇറക്കി ബി.ജെ.പി സാനിധ്യം ഉറപ്പിക്കുകയാണ്. ദേശീയ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് മണ്ഡലത്തില്‍ മുഴുവൻ സമയ പ്രചാരണം സാധ്യമല്ല. ഇത്തവണയും വൻ ഭൂരിപക്ഷത്തിന് രാഹുല്‍ മണ്ഡലം നിലനിര്‍ത്തുമെന്ന ദൃഢ പ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ് കേന്ദ്രം. എന്നാല്‍ കടുത്ത മത്സരം തന്നെ കാഴ്ചവെക്കാനുള്ള പ്രവർത്തനത്തിലാണ് ഇടതുപക്ഷം. മുഖ്യമന്ത്രി നാലുതവണയാണ് ലോക്സഭ മണ്ഡലത്തിൽ നേരിട്ടെത്തിയെത്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ വികസനം, ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടികാണിച്ചും മോദിസർക്കാരിന്റെ വർഗീയതയെ വിമർശിച്ചുമാണ് ഇടതുപക്ഷത്തിന്റെ വോട്ടുപിടുത്തം.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ ചോദ്യം ചെയ്യുന്നുമുണ്ട്. രാജ്യത്തിൽ അധികാരത്തിൽ വരുന്ന ‘ഇൻഡ്യ’ മുന്നണിയുടെ പ്രധാനമന്ത്രിയെന്നും നെഹ് റു കുടുംബത്തിലെ അംഗമെന്ന നിലക്കും രാഹുലിന് വോട്ട് അഭ്യാർഥിച്ചാണ് മണ്ഡലത്തിൽ യു.ഡി.എഫ് മുന്നോട്ടുപോവുന്നത്. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, ചുങ്കത്തറ, പോത്തുകല്ല്, അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂർ മണ്ഡലം. പോത്തുകല്ല്, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും ഇടതുപക്ഷമാണ് ഭരിക്കുന്നത്. വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.