മഞ്ചേരി: സി.എച്ച് സെന്ററിന്റെ കാരുണ്യത്തിന് ഇത്തവണയും മുടക്കമില്ല. റമദാനിൽ മെഡിക്കൽ കോളജിനോട് ചേർന്ന് നടത്തുന്ന അത്താഴ വിതരണം 18ാം വർഷത്തിലേക്ക്. ആശുപത്രിയിലെ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാർക്കും അത്താഴം നൽകുന്നു. പുലർച്ച മൂന്നര മുതൽ നാലര വരെയാണ് പ്രത്യേകം ഒരുക്കിയ പന്തലിൽ ഭക്ഷണം വിളമ്പുന്നത്. മെഡിക്കൽ കോളജ് പരിസരത്തൊന്നും രാത്രികളിൽ ഹോട്ടൽ പോലും തുറന്നു പ്രവർത്തിക്കാത്തതിനാൽ നോമ്പ് അനുഷ്ഠിക്കുന്നവർക്ക് അത്താഴം ലഭിക്കാൻ പ്രയാസം നേരിടാറുണ്ട്. മെഡിക്കൽ വിദ്യാർഥികൾ, നഴ്സിങ് വിദ്യാർഥികൾ, ആശുപത്രിയിൽ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാർ, ടൗണിൽ രാത്രികാല ജോലിയിൽ ഏർപ്പെടുന്നവർ, യാത്രക്കാരായ മറ്റു വിശ്വാസികൾ എന്നിവർക്കെല്ലാം അത്താഴ വിതരണം ആശ്വാസമാണ്. ചോറിനൊപ്പം മീൻ വറുത്തത്, മീൻ കറി, ഇലക്കറി, പപ്പടം, ഉപ്പേരി, പഴം, കട്ടൻചായ തുടങ്ങിയ വിഭവങ്ങളാണ് പന്തലിൽ ഒരുക്കിയിട്ടുള്ളത്.
ഒരേസമയം 350ലധികം ആളുകൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ പ്രസിഡന്റും അഡ്വ. എം. ഉമ്മർ ജനറൽ സെക്രട്ടറിയും, നിർമാൺ മുഹമ്മദാലി ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വല്ലാഞ്ചിറ അബ്ദുൽ മജീദ്, കണ്ണിയൻ മുഹമ്മദലി, കെ.കെ.ബി. മുഹമ്മദലി തുടങ്ങിയ ഭാരവാഹികൾ അത്താഴപ്പന്തലിൽ സജീവമാണ്.
കാരക്കുന്ന്, പട്ടർകുളം, തുറക്കൽ, പയ്യനാട്, പാപ്പിനിപ്പാറ, മുള്ളമ്പാറ, മേലാക്കം, കിഴക്കേത്തല, കച്ചേരിപ്പടി, ചെരണി , തുടങ്ങിയ സ്ഥലങ്ങളിലെ സി.എച്ച് സെന്റർ വളന്റിയർമാരാണ് അത്താഴം വിളമ്പാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.