മഞ്ചേരി: സമയത്തിന്റെ വില നന്നായറിയുന്നവരാണ് ബസ് തൊഴിലാളികൾ. ട്രിപ്പിനിടയിൽ ലഭിക്കുന്ന ഒഴിവുനേരത്ത് തെരഞ്ഞെടുപ്പാണ് സംസാരവിഷയം. ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും ‘മാധ്യമ’ത്തോട് പങ്കുവെക്കുകയാണ് മഞ്ചേരിയിലെ ബസ് തൊഴിലാളികൾ.
2014ൽ കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ 60-70 രൂപക്ക് പെട്രോളും 50 രൂപക്ക് ഡീസലും ലഭിച്ചിരുന്നു. ഇന്ന് സ്ഥിതി മാറി. 106 രൂപ പെട്രോളിനും 95 രൂപ ഡീസലിനും നൽകണം. ഇരട്ടിയിലധികം രൂപയാണ് വർധിച്ചത്. ഇന്ധനവില കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ ജനങ്ങളെ കബളിപ്പിച്ചു. അവർക്ക് എന്തായാലും വോട്ടില്ല -ഡ്രൈവറായ ഹസീബ് പറഞ്ഞുതുടങ്ങിയപ്പോൾ സഹപ്രവർത്തകരും പിന്തുണയുമായെത്തി. ഒരു ദിവസം മുഴുവൻ നിരത്തിലൂടെ ചീറിപ്പാഞ്ഞാലും കിട്ടുന്ന തുക മുഴുവൻ ഡീസൽ അടിക്കാൻ ചെലവാകുകയാണ്. കുറഞ്ഞ തുകയാണ് കൂലിയായി ലഭിക്കുന്നത്. ബി.ജെ.പി ഇനിയും അധികാരത്തിലെത്തിയാൽ ഡീസൽ വില സെഞ്ച്വറി തികക്കും. അതിന് അവസരം നൽകരുതെന്നും ഹസീബ് പറഞ്ഞു.
കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണി രാജ്യത്ത് അധികാരത്തിൽ വരണം. മതങ്ങളുടെയും ജാതിയുടെയും പേരിൽ വിഭജനവും വർഗീയതയും മാത്രം പറഞ്ഞു നടക്കുന്നവരെ താഴെയിറക്കണം. എങ്കിൽ മാത്രമേ മതേതര ഇന്ത്യയെ നമുക്ക് വീണ്ടെടുക്കാനാകൂവെന്ന് ഗ്രീൻ ട്രാക്കിലെ ബസ് ജീവനക്കാരനായ കാരക്കുന്ന് സ്വദേശി മുസ്തഫ. കേരളത്തിൽ യു.ഡി.എഫിന് 17 സീറ്റ് ലഭിക്കും. മലപ്പുറത്ത് ലീഗ് രണ്ട് സീറ്റിലും വിജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നും മുസ്തഫ പറയുന്നു.
ജാതിമത ഭേദമന്യ ഐക്യത്തോടെ കഴിയുന്ന നാടാണ് നമ്മുടെ കേരളം. മലപ്പുറത്തുനിന്ന് മുസ്ലിം ലീഗ് എം.പിമാർ വിജയിക്കും. കേരളത്തിലും യു.ഡി.എഫിനായിരിക്കും ആധിപത്യം. എൽ.ഡി.എഫിനും എം.പിമാർ ഉണ്ടാകും. എന്നാൽ ബി.ജെ.പിക്ക് ഒരു എം.പിയെ പോലും നൽകാതിരിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡ്രൈവറായ ഫൈസൽ പറഞ്ഞു.
രാജ്യത്തേറെയും കൂലിപ്പണി ചെയ്തുജീവിക്കുന്ന തൊഴിലാളികളാണ്. അവർക്കായാണ് ഭരണം നടത്തേണ്ടത്. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. എന്നാൽ, തൊഴിലാളികളെ പരമാവധി ദ്രോഹിക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിലാളികളെ ചേർത്തുനിർത്തുന്നവർക്കാവണം വോട്ട്. ഞങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യും - കണ്ടക്ടർമാരായ ഷുഹൈബും റാഫിഖും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.