മഞ്ചേരി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മഞ്ചേരിയിൽ വാതക ശ്മശാനം യാഥാർഥ്യമായി. നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ശ്മശാനം ഒരുക്കിയത്. 26ന് വൈകിട്ട് നാലിന് അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിക്കും.
മുൻ എം.എൽ.എ അഡ്വ. എം. ഉമ്മറിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 85 ലക്ഷം രൂപ വിനിയോഗിച്ചാണ് ശ്മശാനം നിർമാണം പൂർത്തിയാക്കിയത്. 1900 ചതുരശ്രയടിയിലാണ് കെട്ടിടം. ഓപ്പൺ വരാന്ത, ഓഫിസ് മുറി, ശൗചാലയം, സ്റ്റോർ റൂം, പതിനായിരം ലിറ്റർ ജലസംഭരണി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെയർപേഴ്സന്റെ സാനിധ്യത്തിൽ ട്രയൽ റൺ നടത്തി. ശ്മശാനം ഇല്ലാത്തത് നഗരസഭയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. മെഡിക്കൽ കോളജിലെത്തുന്ന അജ്ഞാത മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോവാൻ കഴിയാത്ത അന്തർ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങളും സംസ്കരിക്കാൻ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ ശ്മശാനങ്ങളെയും കോഴിക്കോട് ജില്ലയിലെ ശ്മശാനങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്. ഇത് മരിച്ചവരുടെ ബന്ധുക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനെല്ലാം പുതിയ ശ്മശാനം പ്രവർത്തനമാകുന്നതോടെ പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.