മഞ്ചേരി: സർക്കാറിനെ പ്രതിരോധത്തിലാക്കിയ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികളുടെ കൂട്ടായ്മയായ മെഡിക്കൽ ഡിവൈസസ് ഇൻഡസ്ട്രീ വെൽഫെയർ അസോസിയേഷൻ ഭാരവാഹികളുമായി ബുധനാഴ്ച മെഡിക്കൽ കോളജ് അധികൃതർ നടത്തിയ ചർച്ച വിജയം കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് അയവുവന്നത്. വിതരണ ഏജൻസിക്ക് മൂന്ന് മാസത്തെ കുടിശ്ശിക തുക വ്യാഴാഴ്ച നൽകും. ഇതോടെ ഉപകരണങ്ങൾ എത്തിക്കുമെന്ന് അസോസിയേഷനും അറിയിച്ചു.
അഞ്ച് ദിവസമായി മുടങ്ങിക്കിടന്ന ഹൃദ്രോഗ വിഭാഗത്തിലെ ശസ്ത്രക്രിയ ഇന്ന് മുതൽ പുനരാരംഭിക്കും. ആരോഗ്യമന്ത്രിയുടെ ഓഫിസ് അടക്കം വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാനായത്. സർക്കാർ ഒരു കോടി രൂപ അനുവദിക്കുമെന്ന് ബുധനാഴ്ച മെഡിക്കൽ കോളജിനെ രേഖാമൂലം അറിയിച്ചു. ഇതിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് അസോസിയേഷൻ ഭാരവാഹികളെ ചർച്ച വിളിക്കുകയായിരുന്നു. 2023 നവംബർ 30 വരെയുള്ള കുടിശ്ശികയാണ് വിതരണ ഏജൻസിക്ക് കൈമാറുക. പിന്നീട് സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറക്ക് കുടിശ്ശിക തീർക്കാമെന്ന് മെഡിക്കൽ കോളജ് അധികൃതർ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു. എന്നാൽ, ആഗസ്റ്റ് അവസാനത്തോടെ 2023 ഡിസംബർ, 2024 ജനുവരി മാസത്തെ കുടിശ്ശിക തീർക്കണമെന്നും നവംബറിൽ ജൂൺ വരെയുള്ള തുക നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും അറിയിച്ചു. വിഷയം സർക്കാറിനെ അറിയിക്കുമെന്ന് സൂപ്രണ്ടും മറുപടി നൽകി.
വിതരണ ഏജൻസിക്ക് കോടികളുടെ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് സ്റ്റെന്റ് അടക്കം ഹൃദയ ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ച് ദിവസമായി ശസ്ത്രക്രിയകൾ മുടങ്ങിയത്. കാത്ത് ലാബ് ആരംഭിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ശസ്ത്രക്രിയ മുടങ്ങുന്നതിലേക്ക് അടക്കം പ്രതിസന്ധി എത്തിയത്.
പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ ഓഫിസ് വരെ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയിരുന്നു. വെള്ളിയാഴ്ചക്ക് ശേഷം ഹൃദയ ശസ്ത്രക്രിയ നടന്നിട്ടില്ല. പ്രതിദിനം എട്ട് മുതൽ 10 വരെ ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകൾ ഈ വിഭാഗത്തിൽ നടന്നിരുന്നു. വിഷയത്തിന്റെ ഗൗരവം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിലും നിയമസഭയിലും ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.