മഞ്ചേരി: മഞ്ചേരിയെ സാഹിത്യലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ മഹാകവിയായിരുന്നു കൈതക്കൽ ജാതവേദൻ നമ്പൂതിരിപ്പാട്. ‘വീരകേരളം’ എന്ന മഹാകാവ്യമാണ് 21ാം നൂറ്റാണ്ടിലെ ലക്ഷണമൊത്ത മഹാകവിയായി ഇദ്ദേഹത്തെ മാറ്റിയത്. പഴശ്ശിരാജയുടെ ചരിത്രം പ്രതിപാദിക്കുന്ന ഈ മഹാകാവ്യം 2012 ലാണ് പുറത്തിറങ്ങിയത്.
രേഖപ്പെടുത്തപ്പെട്ട ചരിത്രവസ്തുതകളിൽനിന്ന് വ്യതിചലിക്കാതെയാണ് ഇദ്ദേഹം കാവ്യരചന നിർവഹിച്ചത്. ഈ കൃതിക്ക് 2013ൽ ‘വെള്ളാലം’ സാഹിത്യ പുരസ്കാരവും 2014ൽ ‘വെൺമണി’ സാഹിത്യ പുരസ്കാരവും ലഭിച്ചു. 14 സർഗങ്ങളും 1145 പദ്യങ്ങളുമുൾക്കൊള്ളുന്ന മഹാകാവ്യമാണ് ‘വീരകേരളം’.
ബാല്യത്തിൽ തന്നെ പിതാവിനെ നഷ്ടമായ ജാതവേദൻ നമ്പൂതിരിപ്പാട് തുടർന്ന് മാതൃഗൃഹത്തിലും മറ്റുമായാണ് ബാല്യകാലം കഴിച്ചൂകൂട്ടിയത്. 1970ൽ ടി.ടി.സി പാസായ ശേഷം അതേവർഷം നവംബർ മുതൽ വിവിധ സ്കൂളുകളിൽ ജോലി ചെയ്തു. കരിക്കാട് ഷണ്മുഖവിലാസം എൽ.പി സ്കൂളിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്.
പിന്നീട് പല സ്കൂളുകളിലും ജോലി ചെയ്തെങ്കിലും ദീർഘകാലം വായ്പാറപ്പടി ഗവ. എൽ.പി സ്കൂളിലായിരുന്നു സേവനമനുഷ്ഠിച്ചത്. 2002ൽ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു. 2007ൽ വേട്ടേക്കോട് എൽ.പി സ്കൂളി സ്കൂളിൽനിന്നാണ് വിരമിച്ചത്.
ചെറുപ്പം തൊട്ട് ശ്ലോകപഠനത്തിൽ താൽപര്യം പുലർത്തി. എഴുപതുകളുടെ ആദ്യത്തിൽ അക്ഷരശ്ലോക രംഗത്തും ശ്ലോകരചന രംഗത്തും പ്രവേശിച്ചു. തൃശൂരിലെ ‘അഖില കേരള അക്ഷര ശ്ലോക പരിഷത്തി’ന്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ പങ്കെടുത്ത് ‘ചാക്കോള’ സുവർണ മുദ്രയും ‘ഏകാക്ഷര’ത്തിനുള്ള ‘ഫാഷൻ ട്രോഫി’യും നേടി. പുഴ കണ്ട കുട്ടി, ദിവ്യഗായകൻ, ദുശ്ശളഗളിതവിഭവശ്ചാർഥിഷു, അനർഘനിമിഷങ്ങൾ, തച്ചോളി ചന്തു എന്നീ ഖണ്ഡകാവ്യങ്ങളും മുക്തകങ്ങളും രചിച്ചിട്ടുണ്ട്. സംസ്കൃതം പഠിച്ചിട്ടില്ലെങ്കിലും വ്യാഖ്യാനങ്ങളുടെ സഹായത്തോടെ ഭർത്തൃഹരിയുടെ ‘ശതകത്രയം’, മേൽപ്പത്തൂരിന്റെ ‘ശ്രീപാദസ്പതതി’ എന്നിവക്ക് വൃത്താനുവൃത്ത പരിഭാഷയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.