മഞ്ചേരി: ഭൂവുടമകളുടെ പ്രതിഷേധം കണക്കിലെടുക്കാതെ മഞ്ചേരി മെഡിക്കൽ കോളജ് വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തി നിർണയം ആരംഭിച്ചു. റവന്യൂ വകുപ്പ് നേതൃത്വത്തിൽ സ്ഥലം മാർക്ക് ചെയ്ത് സർവേക്കല്ലുകളും സ്ഥാപിച്ചുതുടങ്ങി.
ഒരു അറിയിപ്പുമില്ലാതെയാണ് അതിർത്തി നിർണയമെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ ഭൂവുടമകൾ പറഞ്ഞു. പ്രതിഷേധം മുന്നിൽക്കണ്ട് മെഡിക്കൽ കോളജ് അധികൃതരും റവന്യൂ വിഭാഗവും പൊലീസിന്റെ സഹായം തേടിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്.സർവേ നമ്പറടക്കമുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയപ്പോഴാണ് തങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന വിവരം ലഭിച്ചതെന്ന് ഉടമകൾ പറഞ്ഞു.
ഇതുവരെ സാമൂഹികാഘാത പഠനം പോലും നടത്തിയിട്ടില്ല. ഈ അഞ്ച് ഏക്കറിലധികം വരുന്ന ഭൂമി ഏറ്റെടുത്താൽ പോലും മെഡിക്കൽ കോളജിന് മതിയായ സൗകര്യം ഒരുക്കാനാകില്ല. മറ്റു മെഡിക്കൽ കോളജുകൾക്കെല്ലാം നൂറ് ഏക്കറിലധികം ഭൂമിയുള്ളപ്പോൾ ഇവിടെ 30 ഏക്കറിൽ താഴെ മാത്രമാണുള്ളത്. മെഡിക്കൽ കോളജ് വിശാലമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന് 13 കോടി രൂപയും പ്രാരംഭ നടപടികൾക്കായി 50 ലക്ഷവും സർക്കാർ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയോട് ചേർന്നുള്ള 5.81 ഏക്കർ ഭൂമിയാണ് സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നത്. 23/38 മുതല്‍ 25/01വരെ സര്‍വേ നമ്പറിലുള്ള ഭൂമികൾ ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. 21 സർവേ നമ്പറുകളിലായുള്ള ഭൂമി 32 ഉടമകളുടെ പേരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.