മഞ്ചേരി: ആനക്കയം പെരിമ്പലത്ത് കടലുണ്ടിപ്പുഴയിൽ വിദ്യാർഥിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായത് നാട്ടുകാർക്ക് വലിയ ആശ്വാസമായി. പെരിമ്പലം സ്വദേശി പെരുമുണ്ണി മണ്ണിൽ ശിഹാബിന്റെ (55) മനസ്സാന്നിധ്യമാണ് വിദ്യാർഥികൾക്ക് പുതുജീവൻ ലഭിക്കാൻ കാരണമായത്. ശിഹാബ് ഇട്ടു നൽകിയ കയർ പിടിച്ച് അവർ ജീവിതത്തിലേക്ക് തിരികെ കയറുകയായിരുന്നു.
മരിച്ച മുഹമ്മദ് ഷിഹാനും ബന്ധുക്കളായ മറ്റു രണ്ട് പേരുമാണ് കുളിക്കാനായി പുഴയിലേക്ക് എത്തിയത്. മമ്പാടിൽ നിന്നും ഉമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു മുഹമ്മദ് ഷിഹാൻ. ഉച്ചക്ക് മൂന്നരയോടെയാണ് കുളിക്കാൻ കടവിലേക്കെത്തിയത്. പശുവിനെ അഴിക്കാനായി കടവിലേക്കെത്തിയതായിരുന്നു ശിഹാബ്. ഈ സമയം കുട്ടികൾ പുഴയിലിറങ്ങി കളിക്കുന്നത് അദ്ദേഹം കണ്ടിരുന്നു. പശുവുമായി തിരിച്ച് വരുന്ന സമയത്താണ് ഒഴുക്കിലകപ്പെട്ട കുട്ടികളുടെ നിലവിളികേട്ടത്. ഉടനെ മറ്റൊന്നും ആലോചിക്കാതെ ശിഹാബ് പശുവിന്റെ കഴുത്തിലെ കയര്‍ അഴിച്ച് എറിഞ്ഞു കൊടുക്കുകയായിരുന്നു. അതില്പിടിച്ചിരുന്ന രണ്ട് പേരെയും വലിച്ച് കയറ്റിയപ്പോഴേക്കും ഷിഹാൻ കയത്തിലകപ്പെട്ടിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് ഷിഹാനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രണ്ട് പേരെ രക്ഷിക്കാനായെങ്കിലും കൺമുന്നിൽ ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ സങ്കടം മാറുന്നില്ലെന്ന് ശിഹാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.