കോവിഡാനന്തരം തകർന്നുകിടക്കുന്ന സാമ്പത്തിക സാഹചര്യത്തിൽ ഇടത്തരക്കാരന്റെ ജീവിതം പോലും ഞെങ്ങിഞെരുങ്ങുകയാണ്. മുണ്ട് മുറുക്കിയുടുത്ത് പട്ടിണി കിടക്കാം. പക്ഷെ, രോഗം വന്നാൽ എന്തു ചെയ്യും. ബോർഡിൽ ആശുപത്രിയുടെ ഗ്രേഡ് ഉയർന്നാലും ആവശ്യമായ സൗകര്യങ്ങളില്ലായ്മയുടെ കഥകളാണ് സർക്കാർ ആതുരാലയങ്ങളിൽ. 55 വർഷം പിന്നിട്ട മങ്കട ഗവ. ആശുപത്രിയുടെ ഉടൻ പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഇന്നു മുതൽ
മങ്കട: താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ച് ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ പോലും നടപ്പിലാക്കാതെ പ്രയാസങ്ങളില്‍ വീർപ്പ് മുട്ടുകയാണ് മങ്കട ഗവ. ആശുപത്രി. സേവന രംഗത്ത് 55 വര്‍ഷം പിന്നിട്ട സ്ഥാപനം ഒരുഘട്ടം കഴിഞ്ഞതില്‍ പിന്നെ താഴേക്കാണ് വളര്‍ച്ച.
ആശുപത്രിയുടെ ഉയര്‍ച്ച സ്വപ്നം കണ്ട ജനങ്ങള്‍ക്ക് ഇക്കാലമത്രയും നിരാശയാണ് ലഭിച്ചത്. ഫലത്തിൽ പെരിന്തല്‍മണ്ണ താലൂക്കില്‍ ഇപ്പോള്‍ താലൂക്കാശുപത്രി തന്നെ ഇല്ലാതായി. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇടക്കാലത്ത് തുടങ്ങിയ സായാഹ്ന ഒ.പിയും രാതികാല ഒ.പിയും ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. സായാഹ്ന ഒ.പി മാസത്തില്‍ 5000ലേറെ രോഗികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. രാത്രികാല ഒ.പിക്ക് പുറമെ ഒരു റീഹാബിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.
മങ്കട ഹെല്‍ത്ത് ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെയും പല ആവശ്യങ്ങള്‍ക്കുമായി മങ്കട സി.എച്ച്.സിയില്‍നിന്ന് നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി വീതിക്കപ്പെടാറുണ്ട്. ഇതും ഒരളവുവരെ ആശുപത്രി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. എം.ഇ.എസ് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളുടെ സേവനം കൂടി ലഭിക്കുന്നത് കൊണ്ടാണ് ഒ.പി സുഗമമായി നടന്നു പോകുന്നത്. ഇത് ശാശ്വത പരിഹാരമല്ല.
ട്രൈബല്‍ കോളനി ഉള്‍പ്പെടെ നിരവധി പട്ടികജാതി കോളനികള്‍ ഉള്‍പ്പെടുന്ന വലിയ ഒരു പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമാണ് മങ്കട സി.എച്ച്.സി. ഒ.പിയുടെ എണ്ണം, ജനസംഖ്യ അനുപാതം എന്നിവ പരിഗണിച്ച് എന്തുകൊണ്ടും താലൂക്ക് ആശുപത്രി എന്ന പദവിയിലേക്ക് ഉയരാനുള്ള അര്‍ഹത വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മങ്കട ആശുപത്രി നേടിയിട്ടുണ്ട്.
1968ല്‍ പ്രാഥമിക ആരോഗ്യകേന്ദ്രമായി തുടങ്ങിയ ആശുപത്രി തുടക്കം മുതല്‍തന്നെ മങ്കടയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. 1985ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് തറക്കല്ലിട്ട ഐ.പി.പി(ഇന്ത്യ പോപുലേഷന്‍ പ്രൊജക്റ്റ്) പദ്ധതി പ്രകാരം നിര്‍മിച്ച ബ്ലോക്കില്‍ ഓപറേഷന് തിയറ്റര്‍, പ്രസവ വാര്‍ഡ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ടായിരുന്നു.
1986 മുതല്‍ 1995 വരെ കാലഘട്ടം എന്തുകൊണ്ടും ആശുപത്രിയുടെ സുവര്‍ണ കാലഘട്ടമായാണ് അറിയപ്പെടുന്നത്. കിടത്തി ചികില്‍സയും രോഗികള്‍ക്കുള്ള പോഷകാഹാരങ്ങളുടെ വിതരണം അടക്കം എല്ലാം തികഞ്ഞ ഒരു പി.എച്ച്.സി ആയിരുന്നു അന്ന്. പിന്നീട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായും തുടര്‍ന്ന് താലൂക്ക് ആശുപത്രിയായും പ്രഖ്യാപിച്ചെങ്കിലും ആശുപത്രി രേഖകളില്‍ ഇപ്പോഴും കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നു തന്നെയാണ്.
എന്നാല്‍ സി.എച്ച്.സിക്ക് ആവശ്യമായ തരത്തിലുള്ള ജീവനക്കാരോ മറ്റു സൗകര്യങ്ങളോ ഇപ്പോഴും ഇല്ല എന്നതാണ് വാസ്തവം. മണ്ഡലത്തിലെ കിടത്തി ചികിത്സയുള്ള ഏക ഗവ. ആശുപത്രിയാണ് മങ്കട സി.എച്ച്.സി. കോവിഡ് കാലത്ത് വാക്സിനേഷനും മറ്റുമായി ഫലപ്രദമായ ഒരു ചികില്‍സ കേന്ദ്രമായി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.