പൊന്നാനി: ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. ഫിഷറീസിെൻറയും കോസ്റ്റല്‍ ഗാര്ഡിെൻറയും നേതൃത്വത്തിലാണ് തിരച്ചില്‍. കടൽ പ്രക്ഷുബ്ധമായതിനാൽ രാവിലെ മാത്രമാണ് തിരച്ചിൽ നടത്താനായത്. പൊന്നാനിയില്‍നിന്ന് ഒക്ടോബര്‍ 13ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.
നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മന്ദലാംകുന്നിന് 10 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനത്തിനിടെ ഒക്ടോബര്‍ 14ന് പുലര്‍ച്ച 2.30നാണ് വള്ളം മറിഞ്ഞ് ഇവരെ കാണാതായത്. ഇതില്‍ ഹംസകുട്ടി എന്നയാളെ ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകാര് കണ്ടെത്തുകയും തുടർന്ന് ഫിഷറീസ് പട്രോള്‍ ബോട്ടില്‍ രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മറ്റുള്ളവർക്കായുള്ള തിരച്ചിലും ആരംഭിച്ചു.
തിരച്ചിലിനായി കൊച്ചി ജെ.ഒ.സിയുടെ സഹായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 14ന് വൈകീട്ട് 6.30 ഓടെ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ തിരച്ചില്‍ ആരംഭിക്കുക്കയും ചെയ്തു. ഒക്ടോബര്‍ 15ന് കോസ്റ്റ് ഗാര്‍ഡിെൻറ ഹെലികോപ്ടര്‍ രാവിലെയും ഉച്ചക്ക് ശേഷവും പൊന്നാനി മുതല്‍ ബേപ്പൂര്‍ വരെ തിരച്ചിൽ നടത്തി.
പൊന്നാനി ഫിഷറീസ് ബോട്ടിനെ കൂടാതെ കോസ്റ്റല്‍ പൊലീസ് ബോട്ട്, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് മറൈന്‍ ആബുലന്‍സ് എന്നിവരും തിരച്ചില്‍ നടത്തി. അടിയൊഴുക്കിെൻറ അടിസ്ഥാനത്തില്‍ കലക്ടറുടെ നിര്‍ദേശാനുസരണം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഫിഷറീസ് അധികൃതരുമായി ബന്ധപ്പെട്ട് തിരച്ചില്‍ നടത്തി വരുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം ശനിയാഴ്ച രാവിലെ മാത്രമേ തിരച്ചില്‍ നടത്താന്‍ പറ്റിയിരുന്നുള്ളൂ. ഞായറാഴ്ച രാവിലെയും തിരച്ചില്‍ നടത്തിയിട്ടുണ്ടെന്നും തുടരുകയാണെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.