മലപ്പുറം: 12 മാരകരോഗങ്ങളിൽനിന്ന് കുട്ടികൾക്ക് രോഗപ്രതിരോധശേഷി നൽകാൻ ജില്ലയിൽ സംഘടിപ്പിച്ച ‘മിഷൻ ഇന്ദ്രധനുഷ് 5.0’ പദ്ധതിയുടെ രണ്ടാംഘട്ടം സമാപിച്ചു. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നും രണ്ടും ഘട്ടങ്ങളിലായി 60 ശതമാനം കുട്ടികളും 113 ശതമാനം ഗർഭിണികളും കുത്തിവെപ്പ് സ്വീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. രണ്ടാം ഘട്ടത്തിൽ 24,485 കുട്ടികളും 1610 ഗർഭിണികളുമാണ് കുത്തിവെപ്പ് സ്വീകരിച്ചത്. 39,885 കുട്ടികളെയും 1416 ഗർഭിണികളെയുമാണ് ലക്ഷ്യമിട്ടിരുന്നത്. സെപ്റ്റംബർ 11 മുതൽ 16 വരെയാണ് രണ്ടാംഘട്ടം നടന്നത്.
സമ്പൂർണ വാക്സിനേഷന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ജില്ലക്ക് മികവോടെ മുന്നേറാനായെന്നാണ് വിലയിരുത്തൽ. മിഷൻ ഇന്ദ്രധനുഷ് 5.0 പദ്ധതിയുടെ ഭാഗമായി യു-വിൻ പോർട്ടൽ വഴിയാണ് വാക്സിനേഷൻ നടക്കുന്നത്. ഇതുവഴി കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് സ്വന്തമായി പോർട്ടൽ വഴി ഡൗൺലോഡ് ചെയ്ത് എടുക്കാം. ഇങ്ങനെ കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികൾക്കും യു-വിൻ പോർട്ടലിൽനിന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന 12 മാരകരോഗങ്ങളിൽനിന്ന് കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ യജ്ഞം നടപ്പാക്കിയത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെ നടക്കും. ജില്ലയിൽ മീസിൽസ് പോലെയുള്ള രോഗം വന്ന് മരണംപോലും സംഭവിച്ച സാഹചര്യത്തിൽ രക്ഷിതാക്കൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മൂന്നാംഘട്ടത്തിൽ കുട്ടികൾക്ക് മുടങ്ങിപ്പോയ എല്ലാ വാക്സിനുകളും നൽകാൻ ശ്രദ്ധിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.