അരീക്കോട്: പ്രശസ്ത മൊറോക്കൻ യൂട്യൂബർ യൂനുസാറോ കേരളത്തിന്റെ ഗ്രാമീണത കാണാൻ മലപ്പുറത്ത് എത്തി. സോഷ്യൽ മീഡിയ സുഹൃത്ത് ഫ്രീ സ്റ്റൈൽ താരം മുഹമ്മദ് റിസ്വാനോടൊപ്പമാണ് അദ്ദേഹം എത്തിയത്. മൊറോക്കോയിൽ നിന്ന് വിമാന മാർഗം കരിപ്പൂരിൽ എത്തിയ ഈ ഇരുപത്തിയഞ്ചുകാരനെ മുഹമ്മദ് റിസ്വാനും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു.
അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്വാൻ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ നിന്ന് ഫുട്ബാൾ കൊണ്ട് ചെയ്ത ഇൻസ്റ്റഗ്രാം റീൽ ലോകശ്രദ്ധ നേടിയിരുന്നു. വെള്ളച്ചാട്ടത്തിൽ താരം ഫുട്ബാൾ തട്ടുന്ന വീഡിയോ ഇതിനകം 500 മില്യൺ പേരാണ് ഇൻസ്റ്റഗ്രാമിലൂടെ കണ്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാമിൽ കാഴ്ചക്കാരുള്ള വീഡിയോയും റിസ്വാന്റതായി. ഇതോടെ റിസ്വാന് അന്താരാഷ്ട്ര താരങ്ങളുമായും ബന്ധമുണ്ടായി. ഈ സൗഹൃദത്തിന്റെ ഭാഗമായാണ് കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലെ വൈറൽ വീഡിയോക്ക് സമാനമായ വീഡിയോ എടുക്കാൻ മൊറോക്കോയിൽനിന്ന് യൂട്യൂബർ യൂനുസാറോ എത്തിയതും.
മലപ്പുറത്തെ വിവിധ ഇടങ്ങളിൽ പന്ത് തട്ടാനും കുട്ടികളോടൊപ്പം കളിക്കാനും യൂനുസാറോ റിസ്വാനോടൊപ്പം എത്തിയിരുന്നു.ഇതിനിടെ യൂനുസാറയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 10 ദശലക്ഷം പൂർത്തിയായി. ഇതിന്റെ ആഘോഷം കേക്ക് മുറിച്ച് മുറിഞ്ഞമാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ആഘോഷിച്ചു. യൂനുസാറ മലപ്പുറത്തിന് പുറമേ എറണാകുളവും കോഴിക്കോടും സന്ദർശിച്ച് വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മുംബൈയിലേക്ക് തിരിക്കുന്ന അദ്ദേഹം അവിടെ നിന്ന് മൊറോക്കോയിലേക്ക് മടങ്ങുമെന്ന് റിസ്വാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.