നിർദിഷ്ഠ തുറുവാണം പാലം നിർമിക്കുന്ന പ്രദേശം
മാറഞ്ചേരി: ദീർഘകാലമായി യാത്രാ ദുരിതം പേറുന്ന തുറുവാണം ദ്വീപ് നിവാസികൾക്ക് ആശ്വാസമായി വരാൻ പോകുന്ന പാലം ‘നഞ്ച’ഭൂമിയുടെ കുരുക്കിൽപെട്ട് അനന്തമായി നീളുന്നു. 2023 മാർച്ച് 24നാണ് തുറുവാണം പാലം നിർമാണത്തിന് സർക്കാർ 37.01 കോടിയുടെ ഭരണാനുമതി നൽകിയത്. 2024 ഒക്ടോബർ 15ന് പാലം പ്രവൃത്തിക്ക് 33.02 കോടിയുടെ സാങ്കേതികാനുമതിയും നൽകി. അപ്രോച്ച് റോഡിനും മറ്റുമായി വ്യക്തികൾ വിട്ടുനൽകിയ ഭൂമികളുടെ വിശദാംശങ്ങൾ ആർ.ഡി.ഒക്ക് സമർപ്പിച്ചിട്ടുണ്ട്.
നിർമാണത്തിന് ആവശ്യമായ ഭൂമിയിൽ കുറച്ച് ഭാഗം നഞ്ചയും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതുമായതിനാൽ ഭൂമി തണ്ണീർത്തട നിയമത്തിൽനിന്ന് വിടുതൽ ചെയ്ത് ലഭിക്കുന്നതിനായി കൃഷി വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇത് ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ മാറഞ്ചേരി പൗരാവകാശ സമിതി ഭാരവാഹികളെ രേഖാമൂലം അറിയിച്ചിരുന്നു. പാലം പണി സംബന്ധിച്ച് പൗരാവകാശ സംരക്ഷണ സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് എക്സി. എൻജിനീയർ വിശദ മറുപടി നൽകിയത്. മാറഞ്ചേരി വില്ലേജ് ഓഫിസിൽനിന്നും കൃഷി ഓഫിസിൽനിന്നും അനുകൂല റിപ്പോർട്ടുകൾ വൈകാതെ തന്നെ അധികാരികൾക്ക് സമർപ്പിച്ചതായി ബന്ധപ്പെട്ട ഓഫിസർമാർ അറിയിച്ചിരുന്നു.
പ്രസ്തുത റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ സംസ്ഥാന അഗ്രികൾച്ചർ പ്രൊഡക്ഷൻ വിഭാഗം ഈ വിഷയം 2025 ഫെബ്രുവരി 12ന് ചേർന്ന സംസ്ഥാന സമിതിയിൽ വെക്കുകയും നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് പാലം വിഭാഗം അസി. എൻജിനീയറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം സംസ്ഥാന സമിതിയിലെ വിദഗ്ദ അംഗം മലപ്പുറം കൃഷി ഓഫിസറുടെ സാന്നിധ്യത്തിൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സമിതി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് 2025 മാർച്ച് അഞ്ചിന് മഞ്ചേരിയിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയർ (പാലം വിഭാഗം) റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ അഗ്രികൾച്ചർ പ്രൊഡക്ഷൻ കമീഷണർ മാർച്ച് 20ന് തൃശൂർ കാർഷിക സർവകലാശാല ഡീനിന് നൽകിയ കത്തിൽ പ്രസ്തുത സ്ഥലം മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ സാന്നിധ്യത്തിൽ സ്ഥലം നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ഇനി എന്ന് നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഇങ്ങനെ സാങ്കേതികതയുടെ പേരിൽ പാലം പണി നീളുന്നത് കൊണ്ട് ഈ വർഷവും തുറുവാണം നിവാസികൾ ദുരിതത്തിലാകാൻ വിധിക്കപ്പെട്ടിരിക്കുകയാണ്.
പാലം വരും എന്നുള്ളത് കൊണ്ട് ഇപ്പോൾ ഒരു ഏജൻസിയും റോഡുപണി ഏറ്റെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ നാട്ടുകാർ അഞ്ചുലക്ഷത്തോളം രൂപ പിരിച്ച് പാലം വരുന്ന സ്ഥലത്ത് 150 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. വരാൻ പോകുന്ന വർഷക്കാലത്ത് അതു താഴ്ന്നുപോകുമോ എന്ന ഭീതിയിലാണ് ജനം.
സാങ്കേതിക കുരുക്കുകൾ നീക്കി പാലം യാഥാർഥ്യമാക്കാൻ അധികൃതർ തയാറാകണമെന്ന് മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇപ്പോഴുണ്ടായ തടസ്സങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും സമിതി തീരുമാനിച്ചു. നേരത്തെ നൽകിയ നിവേദനത്തിൽ വിശദ മറുപടി തന്നതിൽ മന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
പ്രസിഡന്റ് അഡ്വ. എം.എ.എം. റഫീഖ് അധ്യക്ഷത വഹിച്ചു. എം.ടി. നജീബ്, ഉണ്ണി മാരാമുറ്റം, എൻ.കെ. റഹീം, ഫിറോസ് വടമുക്ക്, അബ്ദുല്ല കൊല്ലാറ, ഇസ്മായിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.