മലപ്പുറം: കഴിഞ്ഞ 2.4 വർഷത്തിനിടെ ജില്ലയിൽ ദേശീയപാത 66ൽ ഇടിമുഴിക്കൽ മുതൽ പൊന്നാനി അതിർത്തി വരെ റോഡിൽ പൊലിഞ്ഞത് 79 ജീവനുകൾ. ചെറുതും വലുതുമായ 719 അപകടങ്ങളാണ് ഈ പാതയിലുണ്ടായത്. 550 പേർക്ക് ഗുരുതര പരിക്കും 270 പേർക്ക് നിസാര പരിക്കുമേറ്റു. പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ ചോദ്യത്തിന് ജില്ല പൊലീസ് മേധാവി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. 130 കേസുകൾ സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്തു. തേഞ്ഞിപ്പലം സ്റ്റേഷനാണ് പട്ടികയിൽ രണ്ടാമത്, 114 അപകടങ്ങൾ. മൂന്നാമതുള്ള പൊന്നാനിയിൽ 103 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. വളാഞ്ചേരി 92, കുറ്റിപ്പുറം 82, കോട്ടക്കൽ 75, കാടാമ്പുഴ 58, പെരുമ്പടപ്പ് 35, കൽപകഞ്ചേരി 25, വേങ്ങര ഏഴ് എന്നിങ്ങനെയാണ് അപകടം റിപ്പോർട്ട് ചെയ്തത്. പൊന്നാനി സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 18 ജീവനുകൾ ഈ കാലയളവിൽ നിരത്തിൽ നഷ്ടപ്പെട്ടു.
തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിൽ 15, വളാഞ്ചേരി 10, തേഞ്ഞിപ്പലം ഒമ്പത്, കോട്ടക്കൽ എട്ട്, കുറ്റിപ്പുറം ഏഴ്, കാടാമ്പുഴ-പെരുമ്പടപ്പ് എന്നിവിടങ്ങളിൽ അഞ്ച് വീതം, കൽപകഞ്ചേരി രണ്ടും ജീവനുകൾ നഷ്ടമായി. വേങ്ങര സ്റ്റേഷൻ പരിധിയിൽ ഒറ്റ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. തേഞ്ഞിപ്പലത്താണ് ഏറ്റവും കൂടുതൽ ഗുരുതര പരിക്കുകൾ റിപ്പോർട്ട് ചെയ്തത്. 91 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
തിരൂരങ്ങാടി 90, പൊന്നാനി 83, കോട്ടക്കൽ 69, വളാഞ്ചേരി 67, കുറ്റിപ്പുറം 61, കാടാമ്പുഴ 35, പെരുമ്പടപ്പ് 34, കൽപകഞ്ചേരി 14, വേങ്ങര ആറ് എന്നിങ്ങനെയാണ് ഗുരുതര പരിക്കേറ്റവരുടെ കണക്ക്. തിരൂരങ്ങാടിയിലാണ് നിസാര പരിക്കേറ്റവർ കൂടുതലുള്ളത്. 64 പേർക്ക് നിസാര പരിക്കേറ്റു. പട്ടികയിൽ ഏറ്റവു പിറകിലുള്ളത് കൽപകഞ്ചേരിയും വേങ്ങരയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.