നിലമ്പൂർ: മൺസൂൺ ശക്തിയേറിയതോടെ ജില്ലയിൽ കൊറ്റില്ലങ്ങൾ സജീവമായി. കോഴിച്ചെന, കിഴക്കേത്തല തുടങ്ങി ജില്ലയിലെ പ്രധാന കൊറ്റില്ലങ്ങൾ ശുഷ്കിച്ച് ഇല്ലാതായെങ്കില്ലും മറ്റിടങ്ങളിൽ ഇവ സജീവമായതായി മമ്പാട് എം.ഇ.എസ് കോളജ് സുവോളജി വിഭാഗം അസി. പ്രഫസറും ഫ്രണ്ട്സ് ഓഫ് നേച്ചർ എഡ്യൂക്കേഷൻ ഓഫിസറുമായ ഡോ. ബിനു ചുള്ളക്കാട്ടിലും കൊറ്റില്ല സർവേകളിൽ സജീവമായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിജേഷ് വള്ളിക്കുന്നും പറഞ്ഞു.
മേയിലാണ് ഇവർ സർവേ തുടങ്ങിയത്. നവംബറിൽ പൂർത്തീകരിക്കും. മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ സർവേകളിൽ ചെറുതും വലുതുമായ 23 കൊറ്റില്ലങ്ങൾ നിരീക്ഷിക്കാനായി. മേയ് മാസത്തിൽ കിട്ടിയ മഴ കൊറ്റില്ല നിർമിതികൾ നേരത്തെയാവാൻ കാരണമായി. ദേശീയ പാതയോട് ചേർന്നാണ് കൊറ്റില്ലങ്ങൾ കൂടുതലായി കാണുന്നത്. സ്വകാര്യ ഇടങ്ങളിലും തണ്ണീർത്തടങ്ങളിലും തോടരികുകളിലുമായി വ്യാപിച്ചു കിടക്കുന്നവയുമുണ്ട്. ചെറിയ നീർകാക്ക, പാതിരക്കൊക്ക്, പെരിയ മുണ്ടി, ചിന്ന മുണ്ടി, മീഡിയൻ എഗ്രെറ്റ്, കുളകൊക്ക് എന്നിവയുടെ കൂടുകളാണ് ദേശീയപാതയോട് ചേർന്ന് കാണുന്നവയിലധികവും. തിരുനാവായ, ചെമ്മാട് തണ്ണീർത്തടങ്ങളിൽ ഓപ്പൺ ബിൽ സ്റ്റോർക്ക്, ചായ മുണ്ടി, കിന്നരി നീർകാക്ക എന്നിവയേയും വംശനാശ ഭീഷണി നേരിടുന്ന വെള്ള അരിവാൾ കൊക്കൻ, ചേരക്കോഴി എന്നിവയും കൂട്ടത്തോടെ പ്രജനനം നടത്തുന്നതായി കണ്ടെത്തി.
ജില്ലയിൽ കൊറ്റില്ലങ്ങളുടെ എണ്ണത്തിൽ വർധനവാണ് കാണുന്നത്. നേരത്തെ 11 കൊറ്റില്ലങ്ങളാണുണ്ടായിരുന്നത്. ഒരു കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന കൊറ്റില്ലങ്ങൾ ഉണ്ടായിരുന്നു. ഈ കൊറ്റില്ലങ്ങളിലെല്ലാം നൂറ് കണക്കിന് പറവകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കാണുന്നത് ഒറ്റപ്പെട്ടതും വിസ്തൃതി വളരെ കുറഞ്ഞതുമാണ്. ദേശാടന പക്ഷികളിൽ പലതും പരിസ്ഥിതിയോട് ഇണങ്ങി ഇവിടെ സ്ഥിരതാമസക്കാരായി കൂടുകൂട്ടി പ്രജനനം നടത്തിവരുന്നുണ്ട്. മരം മുറിക്കൽ, ശിഖരങ്ങൾ വെട്ടി മാറ്റൽ, ദേശീയ പാത വികസനം, വെടിവെപ്പ്, പടക്കം പൊട്ടിക്കൽ, തണ്ണീർത്തട ശോഷണം എന്നിങ്ങനെ കൊറ്റില്ലങ്ങൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ പലതാണ്. ആവാസവ്യവസ്ഥ, ദേശാന്തര യാത്ര, ഭീഷണി, തളർച്ച, നിലനിൽപ്, വംശനാശഭീഷണി, തുടർജീവനം, ഭക്ഷണ ലഭ്യത എന്നിവയെല്ലാം പക്ഷികളുടെ നിലനിൽപ്പിന് ആധാരമാണ്. മൺസൂണിനുമുമ്പ് ഇവ കൂടൊരുക്കും. കൂടൊരുക്കുന്ന സമയത്ത് മരങ്ങൾ മുറിക്കുന്നതും ചില്ലകൾ വെട്ടുന്നതും ഉചിതമല്ല. പകരം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, വേനൽക്കാല ആരംഭത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യാം. തണ്ണീർത്തട പക്ഷി സംരക്ഷണം അടിയന്തര പ്രാധാന്യമർഹിക്കുന്നതാണെന്ന് സർവേയുടെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.