നിലമ്പൂർ: ബ്രിട്ടീഷുകാരുടെ കാലം മുതൽ സംരക്ഷിച്ചുപോരുന്ന മൂവായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. എടവണ്ണ റെയ്ഞ്ചിൽ എടക്കോട് വനം സ്റ്റേഷൻ പരിധിയിലെ മൂലേപ്പാടത്തിനും വെണ്ണേക്കോട് ആദിവാസി കോളനിക്കുമിടയിലാണ് തീ പടരുന്നത്. നിലമ്പൂർ വനമേഖലയിൽ തന്നെ മുളകളും ഓടക്കാടുകളും വ്യാപകമായ വനമേഖല കൂടിയാണിത്. നിലമ്പൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീയണക്കാൻ ശ്രമം നടത്തിയെങ്കിലും സാധ്യമായില്ല.
വനമേഖലയിലേക്ക് റോഡ് ഇല്ലാത്തതിനാൽ വെള്ളം പമ്പ് ചെയ്ത് തീയണക്കാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേനയും വനപാലകരും നാട്ടുകാരും കോളനിവാസികളും ചേർന്ന് തീ അടിച്ചു കെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വൈകുന്നേരം അഞ്ചോടെ അഗ്നിരക്ഷാസേന മടങ്ങി. തീ പാറമുകളിലെ പുൽമേടുകളിലേക്ക് പടർന്നിട്ടുണ്ട്. നിലമ്പൂർ നായാടംപൊയിൽ മലയോരപാത കടന്നു പോകുന്ന ഭാഗം കൂടിയാണിത്. വിനോദ സഞ്ചാരികൾ ഇവിടെ വനമേഖലയിലും സമീപത്തെ കുറുവൻ പുഴയിലും വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതിയുണ്ട്.
മദ്യപരുടെ വിഹാരകേന്ദ്രമാണിവിടം. ആരെങ്കിലും തീ ഇട്ടതാകാമെന്നാണ് കരുതുന്നത്. തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻതോതിൽ വനസമ്പത്ത് നഷ്ടമാവും. കൊടുംചൂടിൽ വന്യജീവികളും വെന്തുമരിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.