നിലമ്പൂർ: വയനാട് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വനസമ്പത്തിന്റെ കണക്കെടുപ്പ് വനംവകുപ്പ് അടുത്തയാഴ്ച തുടങ്ങും. വനഭൂമിയോടൊപ്പം ജീവജാലങ്ങളുടെയും കണക്കെടുക്കും. മ്ലാവുകളടക്കം നിരവധി മൃഗങ്ങൾ ചത്തൊടുങ്ങിയിരുന്നു. ജിയോളജിസ്റ്റ്, കൺസർവേഷൻ ബയോളജിസ്റ്റ്, പരിസ്ഥിതി ശാസ്ത്രജ്ഞർ എന്നിവരുൾപ്പെട്ട സംഘം അടുത്തയാഴ്ച മധ്യത്തോടെ കണക്കെടുപ്പ് ആരംഭിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത്. കെ. രാമൻ പറഞ്ഞു.
ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, റേഞ്ച് ഓഫിസർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എന്നിവരുമുണ്ടാകും. 1971 ലെ നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നിലമ്പൂർ കോവിലകത്ത് നിന്ന് ഏറ്റെടുത്ത വനഭാഗമാണ് ഉരുൾപൊട്ടലിനിരയായത്. വിസ്തൃതി 2000 ഹെക്ടറിലധികം വരും. സൂചിപ്പാറ വെള്ളച്ചാട്ടം വരെ സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ചിലാണ്. താഴേക്ക് നിലമ്പൂർ നോർത്ത് ഡിവിഷനിലെ നിലമ്പൂർ, വഴിക്കടവ് റേഞ്ചുകളുമാണ്. മേപ്പാടി റേഞ്ചിലാണ് കൂടുതൽ വനഭാഗം നഷ്ടമായത്. ഏകദേശം ആറ് കിലോമീറ്ററിൽ ഏഴ് ഹെക്ടർ വനഭൂമിയിൽ നാശം സംഭവിച്ചിട്ടുണ്ടാവുമെന്നാണ് വനംവകുപ്പിന്റെ പ്രാഥമികവിലയിരുത്തൽ. ലക്ഷക്കണക്കിന് ടൺ മണ്ണും പാറയും മരങ്ങളും പ്രളയജലത്തോടൊപ്പം താഴേക്ക് പതിച്ചു.
ചാലിയാറിന് വയനാട്ടിൽ 150 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുണ്ട്. മുണ്ടക്കൈ, പുത്തുമല, ചൂരൽമല, കള്ളാടി, അട്ടമല, കടൂർ പ്രദേശങ്ങൾ ഇതിൽപ്പെടുന്നു. ചൂരൽമലയിൽ നിന്ന് അഞ്ച് കിലോമീറ്റർ ആകാശദൂരത്തിൽ 1145 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 1983 മീറ്റർ ഉയരം. ഇവിടെ പടിഞ്ഞാറൻ ചരിവ് ഇരുവഴിഞ്ഞിപ്പുഴയുടെയും കിഴക്കൻ ചരിവ് കള്ളാടിപ്പുഴയുടെയും നീരൊഴുക്ക് പ്രദേശങ്ങളാണ്. ഉരുൾ പൊട്ടിയ മലയിടുക്കിൽ നിന്നുൽഭവിക്കുന്ന മുണ്ടക്കൈ തോടിെൻറ വൃഷ്ടിപ്രദേശം 467 ഹെക്ടറാണ്. ഉരുൾപൊട്ടൽ പ്രഭവകേന്ദ്രവും സമീപ സ്ഥലങ്ങളും വൃക്ഷനിബിഡമായിരുന്നു. ജൈവവൈവിധ്യത്താൽ സമ്പന്നവും ഇടതൂർന്ന വൃക്ഷങ്ങളുമുള്ള മേൽഭാഗം ചോലവനമാണ്. വനഭാഗത്തിന് താഴെ കാപ്പി, ഏലത്തോട്ടങ്ങളും മറ്റ് ചരിവുകളിൽ തേയിലത്തോട്ടങ്ങളുമാണ്. താഴ് ഭാഗങ്ങളിൽ ചരിവ് കുറഞ്ഞ ഇടങ്ങളിലും പുഴയുടെയും തോടിന്റെയും കരയോട് ചേർന്ന സ്ഥലങ്ങളിലുമാണ് നാട്ടുകാരിലേറേയും താമസിച്ചിരുന്നത്. മഴനിഴൽ പ്രദേശങ്ങളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.