നിലമ്പൂർ: കൈയിലും കക്ഷത്തും നിറയെ കടലാസുകളുമായി വിവിധ സർക്കാർ ഓഫിസുകളിലും തുടർന്ന് പത്ര ഓഫിസുകളിലും നിരന്തരം കയറിയിറങ്ങി നിലമ്പൂരിെൻറ വികസനത്തിന് ഒറ്റയാൾ പോരാട്ടം നടത്തിയ നാണിയാക്ക ഇനി ഓർമ. തിരക്ക് ഒഴിഞ്ഞ് സമയം കിട്ടുമ്പോൾ വായിച്ച് പറ്റുന്നതാണെങ്കിൽ വാർത്ത കൊടുക്കണമെന്ന് പറഞ്ഞ് മേശ പുറത്ത് പ്രിൻറ് ചെയ്ത കടലാസ് വെച്ച് പത്രം ഓഫിസിെൻറ പടിയിറങ്ങുന്ന ശീലക്കാരനായിരുന്നു.
ഒരാഴ്ച മുമ്പാണ് നഗരസഭ ഓഫിസിെൻറ പഴയ കെട്ടിടത്തിലേക്ക് ആയുർവേദ ആശുപത്രി മാറ്റി കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യവുമായി അധികൃതർക്ക് സമർപ്പിച്ച നിവേദനത്തിെൻറ പകർപ്പുമായി പത്രം ഓഫിസിൽ വന്നുപോയത്. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും പാലപറമ്പിൽ മുഹമ്മദാലിയെന്ന (കുഞ്ഞാണി കാക്ക) ഒറ്റയാൾ പോരാളിയുടെ കൈയൊപ്പ് കാണാം.
നിലമ്പൂരിന് ഗവ. കോളജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി അപേക്ഷ സമർപ്പിച്ചയാൾ, വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രഷറിക്ക് സ്വന്തം കെട്ടിടം തുടങ്ങി നിലമ്പൂർ പൊലീസ് സ്റ്റേഷൻ മുതൽ പോസ്റ്റ് ഓഫിസ് വരെ റോഡ് വീതി കൂട്ടാൻ വേണ്ടി വനംവകുപ്പിൽനിന്ന് ഭൂമി വീണ്ടെടുക്കുന്നതിന് ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തതും ഈ എൺപതിരണ്ടുകാരനാണ്.
കോടതിയുടെ ഗുമസ്തൻ, വനംവകുപ്പിലെ പ്യൂൺ എന്നീ സർക്കാർ സർവിസുകളിൽനിന്ന് വിരമിച്ച അദ്ദേഹം പൊതുസേവനത്തിനിറങ്ങുകയായിരുന്നു. നാടിനായി ഒരുപിടി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്നം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ച മരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.