നിലമ്പൂർ: നഗരസഭയിൽ സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാൻ തീരുമാനം. കുടുംബശ്രീ മുഖേന തെരഞ്ഞടുത്ത ഹരിത കർമസേനാംഗങ്ങൾക്ക് ഹരിത കേരള മിഷൻ മുഖേന അടുത്ത ദിവസങ്ങളിൽ പരിശീലനം നൽകും.
കർമസേന നഗരസഭയിലെ എല്ലാ വീടുകളിൽനിന്ന് അജൈവ മാലിന്യം ശേഖരിച്ച് തരംതിരിച്ച് ഗ്രീൻ കേരള മിഷന് കൈമാറും. നഗരസഭ പദ്ധതി മുഖേന ജൈവ മാലിന്യം സംസ്കരിക്കുന്നതിന് വേണ്ടി ശുചിത്വ കേരള മിഷൻ അംഗീകരിച്ച മാലിന്യ സംസ്കരണ ഉപകരണങ്ങൾ എല്ലാ വീടുകളിലും സൗജന്യമായി നൽകും. ജൈവ മാലിന്യ സംസ്കരണത്തിന് എല്ലാ വീട്ടുകാർക്കും നഗരസഭ പരിശീലനം നൽകും. ജൈവവളം വീട്ടുവളപ്പിലെ കൃഷിക്ക് നൽകാനും അധികം വരുന്ന ജൈവവളം കുടുംബശ്രീയുടെ കാർഷിക വിപണന കേന്ദ്രം മുഖേന കുറഞ്ഞ നിരക്കിൽ വിപണനം ചെയ്യാനും പദ്ധതി ഒരുക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൃഷി, മൃഗസംരക്ഷണം, ജലവിഭവം, കെ.എസ്.ഇ.ബി, മത്സ്യഫെഡ്, അയ്യങ്കാളി തൊഴിലുറപ്പ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളെ പദ്ധതിയുമായി ബന്ധിപ്പിക്കും.
വ്യാപാരികൾ, രാഷ്ട്രീയ കക്ഷികൾ, യുവജന സംഘടനകൾ, മത-സാംസ്കരിക-സാമൂഹിക- സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കും. പദ്ധതിയുടെ പ്രഖ്യാപനം ഗാന്ധി ജയന്തി ദിനത്തിൽ നടത്തും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ആശുപത്രിക്കുന്ന്, മയ്യംന്താനി, വീട്ടിക്കുത്ത്, കൊളക്കണ്ടം, ചക്കാലക്കുത്ത്, താമരക്കുളം എന്നീ വാർഡുകളെ ഹരിത വാർഡായി പ്രഖ്യാപിക്കും. യോഗത്തിൽ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അരുമ ജയകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. ബഷീർ, യു.കെ. ബിന്ദു, നഗരസഭ സെക്രട്ടറി ബിനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.