നിലമ്പൂർ: ആദിവാസി കുടുംബങ്ങൾക്ക് ഇനി കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ടി വരില്ല. നിലമ്പൂർ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജൽജീവന്‍ മിഷൻ പ്രവൃത്തികൾക്ക് പുതുജീവൻ.
സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടുനൽകാത്തതിനെ തുടർന്ന് മുടങ്ങിക്കിടന്ന പദ്ധതിയാണ് ജില്ല കലക്ടർ വി.ആർ. വിനോദിന്റെ ഇടപെടലിനെ തുടർന്ന് പുനരാരംഭിക്കുന്നത്. പി.വി. അൻവർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ സ്ഥല ഉടമകളുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് ഭൂമി നൽകാൻ സ്ഥല ഉടമകൾ സമ്മതം അറിയിച്ചതോടെയാണ് പദ്ധതികൾക്ക് ജീവൻ വെച്ചത്. ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം സ്ഥലം ഏറ്റെടുക്കാൻ കലക്ടർ നിർദേശം നൽകി.
ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കുറഞ്ഞിമലയിൽ ശുദ്ധീകരണശാല നിർമിക്കുന്നതിന് 130 സെന്റ്, ഒ.എച്ച് ടാങ്ക് പണിയുന്നതിന് 60 സെന്റ്, കല്ലായിപ്പാറയിൽ 22 സെന്റ് എന്നിവയാണ് കൈമാറാൻ തീരുമാനിച്ചത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ എടക്കര, ചുങ്കത്തറ, വഴിക്കടവ്, പോത്തുകല്ല്, കരുളായി, അമരമ്പലം, മൂത്തേടം, ചോക്കാട് തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവും. ജൽജീവൻ മിഷൻ മുഖേന ജലവിതരണത്തിനും കുടിവെള്ള കണക്ഷനുകൾക്കുമായി 792.3കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ജല അതോറിറ്റി, മലപ്പുറം ഡിവിഷൻ പ്രോജക്ട് പി.എച്ച് ഡിവിഷൻ എന്നിവ സംയുക്തമായാണ് പ്രവൃത്തികൾ നടത്തുക. പ്രതിദിനം 300 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള രണ്ട് ശുദ്ധീകരണശാലകളും നിർമിക്കും.
ചുങ്കത്തറയിലും കരുളായി പഞ്ചായത്തിലുമാണ് ശുദ്ധീകരണ പ്ലാന്റ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.