നിലമ്പൂർ: കോവിലകം വേട്ടെക്കൊരുമകൻ ക്ഷേത്രത്തിൽ വലിയ കളംപാട്ട് ഉത്സവത്തിന്റെ ഭാഗമായി നടന്ന സർവാണി സദ്യയിൽ പങ്കെടുത്ത് ആയിരങ്ങൾ. കാടിറങ്ങി ആദിവാസികൾ ഉൾപ്പെടെയുള്ളവരാണ് സർവാണി സദ്യക്കായി നിലമ്പൂർ കോവിലകത്തെ വേട്ടേക്കൊരുമകൻ ക്ഷേത്രത്തിലെത്തിയത്. പതിനെട്ടാം നൂറ്റാണ്ട് മുതലാണ് കോവിലകത്ത് സർവാണി സദ്യ തുടങ്ങിയതെന്നാണ് ചരിത്രം.
കോവിലകം രാജയായിരുന്ന ഭക്തൻ തമ്പുരാന്റെ കാലത്താണ് നിലമ്പൂർ കോവിലകത്തെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ സർവാണി സദ്യ ആരംഭിച്ചത്. ഭക്തൻ തമ്പുരാൻ കോവിലകത്ത് കുടിയിരുത്തിയ കിരാതമൂർത്തിക്ക് നൽകിയ വാക്കിന്റെ നിറവേറ്റലാണ് സർവാണി സദ്യ.
വർഷത്തിൽ ഒരിക്കൽ ആദിവാസികൾ കാടിറങ്ങി കുലദൈവത്തെ കാണാൻ വരും. ഈ സമയത്തെ വലിയകളംപാട്ട് ഉത്സവത്തിന്റെ ഭാഗമാണ് സദ്യ ഒരുക്കുന്നത്. നിലമ്പൂരുകാർക്ക് സർവാണിസദ്യ ഒഴിച്ചുകൂടാനാവാത്ത സദ്യയാണ്. ജാതിമത ഭേദമന്യേ ആയിരങ്ങളാണ് സദ്യക്ക് എത്തുക. രാവിലെ 11ഓടെ ആരംഭിച്ച സദ്യക്ക് മൂന്ന് മണിയോടെയാണ് സമാപനമായത്.
130 പറ അരിയാണ് പാചകം ചെയ്തത്. പതിമൂന്നായിരത്തോളം പേർ പങ്കെടുത്തു. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് കെ.സി. വേലായുധൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി.എം. ബഷീർ, ഡിവൈ.എസ്.പി സാജു കെ. എബ്രഹാം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് വിനോദ് പി. മേനോൻ, നിലമ്പൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് യു. നരേന്ദ്രൻ, നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.