നിലമ്പൂർ: നിലമ്പൂർ ജില്ല ആശുപത്രിയിൽ ആദിവാസി, ദലിത് യുവതികൾ മാസം തികയാതെ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. മൂത്തേടം ഉച്ചക്കുളം ആദിവാസി കോളനിയിലെ റിദിന്റെ ഭാര്യ രഞ്ജിതയുടെയും ചുങ്കത്തറ കൈപ്പിനിയിലെ ചേന്നൻ രാജുമോന്റെ ഭാര്യ അർച്ചനയുടെയും കുഞ്ഞുങ്ങളാണ് മരിച്ചത്. വയറുവേദന അനുഭവപ്പെട്ടതോടെ വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെയാണ് രഞ്ജിതയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് നാലര മാസം ഗർഭിണിയാണെന്നറിയുന്നത്.
ഗർഭിണിയാണെന്ന് യുവതിയും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു. രണ്ടു മാസം മുമ്പ് വയറുവേദനയെ തുടർന്ന് മൂത്തേടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഗർഭിണിയാണെന്ന് കണ്ടെത്തുകയോ ഗർഭസ്ഥ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. ഓട്ടോറിക്ഷയിലാണ് പുലർച്ച ഇവർ ജില്ല ആശുപത്രിയിലെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ ജീവനില്ലാത്ത ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയായിരുന്നു. ഇവർക്ക് 11 മാസം പ്രായമായ കുട്ടിയുണ്ട്.
ഏഴു മാസം ഗർഭിണിയായ അർച്ചന ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ചന്തക്കുന്നിൽവെച്ച് ആംബുലൻസിലാണ് പ്രസവിച്ചത്. ഇവർ നേരത്തേ ചികിത്സ തേടുകയും കുട്ടിക്ക് തൂക്കക്കുറവ് കണ്ടെത്തുകയും ചെയ്തിരുന്നു. എട്ട്, ആറ് വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ആദ്യ രണ്ടു പ്രസവങ്ങളിലും പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ജില്ല ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അസ്വാഭാവികതയൊന്നും കാണാനായില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അബൂബക്കർ, ആർ.എം.ഒ ഡോ. ബഹാവുദ്ദീൻ എന്നിവർ പറഞ്ഞു. അമ്മമാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.