നിലമ്പൂർ : ദക്ഷിണേന്ത്യയിലെ വലിയ ജൈവ വൈവിധ്യ കലവറയായ നാടുകാണിയിലെ സസ്യഗവേഷണ കേന്ദ്രം ജീന്‍പൂളില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി സിപ്ലൈന്‍ ഒരുക്കി. ഇരു വശങ്ങളിലേക്കുമായി 650 മീറ്റര്‍ ദൂരത്തിലാണ് സിപ്ലൈന്‍ നിര്‍മിച്ചത്. ഉയര്‍ന്ന ടവറുകളില്‍ നിന്നും 15 മീറ്റര്‍ ഉയരത്തിലാണ് കമ്പികൾ വലിച്ചിട്ടുളളത്. നിര്‍മാണം പൂര്‍ത്തിയായ സിപ്ലൈനില് ജീവനക്കാര്‍ക്കുളള പരിശീലനം നടന്നുവരുകയാണ്. പുതുവർഷത്തിൽ നാടിന് സമർപ്പിക്കാനാവുമെന്ന് റെയ്ഞ്ച് ഓഫിസർ വീരമണി പറഞ്ഞു.
വംശനാശഭീഷണി പട്ടികയിലുള്ള അത്യപൂർവസസ്യങ്ങൾ നട്ടുവളർത്തി പരിപാലനവും ഗവേഷണവും ലക്ഷ്യം വെച്ച് 1989 ലാണ് അതിർത്തി പ്രദേശമായ നാടുകാണിയിൽ തമിഴ്നാട് ഗവേഷണ വിഭാഗം കേന്ദ്രം സ്ഥാപിച്ചത്. വംശനാശ ഭീഷണി നേരിടുന്നതും അത്യപൂർവവുമായ ദക്ഷിണേന്ത്യയിലെ രണ്ടായിരത്തോളം വ്യത്യസ്ത സസ്യങ്ങളും മരങ്ങളും ഇവിടെ ജനിതക ആവശ്യങ്ങള്‍ക്കായി സംരക്ഷിച്ചുപോരുന്നുണ്ട്. പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവസംരക്ഷണ മേഖലയിൽ 242.42 ഹെക്ടർ സ്ഥലത്താണ് കേന്ദ്രം തുടങ്ങിയത്. മ്യൂസിയം, ഗ്ലാസ് ഹൗസ്, ടിഷ്യൂ കൾച്ചറൽ ലാബ്, ലൈബ്രറി, അർബേരിയം, സെമിനാർ ഹാൾ, ഓർക്കിഡ് ഏരിയ, മെഡിസിൻ പ്ലാന്റ്, ഗ്ലാസ് ഹൗസ് തുടങ്ങിയവയാൽ ഒരുകാലത്ത് കേന്ദ്രം സമ്പന്നമായിരുന്നു. മിസ്റ്റ് ചേംബർ സ്ഥാപിച്ച് ഈർപ്പമുള്ള കൃത്രിമ കാലാവസ്ഥയിൽ സംരക്ഷിച്ചുപോന്നിരുന്ന കേന്ദ്രത്തിൽ അയ്യായിരത്തിലധികം അത്യപൂർവ ഓർക്കിഡുകൾ ഉണ്ടായിരുന്നു.
മണ്ണിലും മരത്തിലും വളരുന്ന ഓർക്കിഡുകളും പ്രത്യേകതയായിരുന്നു. അപൂർവ ഇനം ശലഭങ്ങളുടെയും ജീവജാലങ്ങളുടെയും സങ്കേതം കൂടിയാണിത്. നഷ്ടത്തിന്റെ കണക്കുകളും ശാസ്ത്രജ്ഞരുടെ കുറവും ചൂണ്ടിക്കാണിച്ച് ഗവേഷണം നിർത്തിയതോടെ 1999ൽ വനംവകുപ്പ് കേന്ദ്രം ഏറ്റെടുത്തു. അനന്തമായി പരന്നുകിടക്കുന്ന പുൽമേടുകളും ഇവ ചുരത്തുന്ന ചോലകളും നീലകുന്നുകളും നയനമനോഹര വിദൂര കാഴ്ചകളും ടൂറിസം സാധ്യത വിളിച്ചോതുന്നതാണെന്ന് കണ്ട വനം വകുപ്പ് ഇത് ഇക്കോ ടൂറിസം കേന്ദ്രമാക്കി. ഇതര സംസ്ഥാനങ്ങളിലെ ഗവേഷണ വിദ്യാർഥികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് ഒരു ശാസ്ത്രജ്ഞയെ കേന്ദ്രത്തിൽ നിലനിർത്തി. ടൂറിസം വികസനം പോരാഴ്മയായി നിലനിന്നു.
കേന്ദ്രത്തിന് ജീവൻ നഷ്ടപ്പെട്ടു തുടങ്ങിയതോടെ വനം വകുപ്പിന്റെ കണ്ണ് തുറന്നു. ഊട്ടി, മൈസൂർ, മുതുമല, ബന്ദിപ്പൂർ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പോവുന്ന സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ ആരംഭിച്ചു. സഞ്ചാരികൾക്ക് താമസിക്കാൻ പുതിയ നിവാസുകൾ പണിതുയർത്തി. പ്രകൃതിയുടെ മനോഹരകാഴ്ച സമ്മാനിക്കുന്ന വാച്ച് ടവർ ചിത്ര ലിപികളാൽ ആകർഷണമാക്കി. അക്വാറിയവും സ്ഥാപിച്ചു. നീലഗിരി ഫീൽഡ് ഡയറക്ടറുടെ നേതൃത്വത്തിൽ കേന്ദ്രത്തിലെത്തി സൗകര്യങ്ങൾ വിലയിരുത്തിയാണ് റോപ്പ് വേ ഉൾപ്പടെ ടൂറിസം വികസനം ഇപ്പോൾ സാധ്യമാക്കിയത്. സന്ദർശകർക്ക് താമസിക്കാൻ കൂടുതൽ ക്വാർട്ടേഴ്സുകളുടെയും മറ്റും നിർമാണം അവസാനഘട്ടത്തിലാണ്. കേന്ദ്രത്തിലുണ്ടായിരുന്ന മ്യൂസിയം വിപുലപ്പെടുത്തും. നാടുകാണി ചുരത്തോട് ചേർന്നുകിടക്കുന്ന ജീൻപൂൾ കേന്ദ്രം കേരളത്തിൽനിന്നുള്ള സഞ്ചാരികൾക്കും കാഴ്ചവിരുന്നാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.