മലപ്പുറം: കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ ജില്ല പഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘നിറപൊലി’ മെഗാ കാർഷിക പ്രദർശന, വിപണന, വിജ്ഞാന മേള ജനുവരി രണ്ട് മുതൽ ആറുവരെ ചുങ്കത്തറ ജില്ല കൃഷിത്തോട്ടത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമാകുന്ന മേള രാവിലെ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
നൂറോളം കാർഷിക പ്രദർശന സ്റ്റാളുകൾ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജനുവരി ആറിന് രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കൃഷിയുമായി ബന്ധപ്പെട്ട എട്ട് സെമിനാറുകൾ, പുഷ്പഫല പ്രദർശനം, കാർഷിക, മൂല്യവർധിത ഉൽപന്ന പ്രദർശനവും വിപണനവും, ഫുഡ് ഫെസ്റ്റ്, സാംസ്കാരിക പരിപാടികൾ, മണ്ണ് പരിശോധന ക്യാമ്പ്, മഡ് ഫുട്ബാൾ, കാർഷിക യന്ത്രങ്ങളുടെ സർവിസ് ക്യാമ്പ് എന്നിവ സംഘടിപ്പിക്കും.
കൃഷിക്കാവശ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യ കർഷകർക്ക് പരിചയപ്പെടുത്തുക, നൂതന കൃഷിരീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, പുതിയ ആശയങ്ങൾ അവതരിപ്പിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ, ഉപാധ്യക്ഷൻ ഇസ്മായിൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷ സറീന ഹസീബ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി.പി. അബ്ദുൽ മജീദ്, ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.