മലപ്പുറം: ‘ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സ്പോർട്സ് കൗൺസിലിന്റെ ഫീൽഡ്തല പരിശോധനക്ക് തുടക്കം. ആനക്കയം, അരിമ്പ്ര, എടവണ്ണ, തുവ്വൂർ എന്നിവിടങ്ങളിൽ ഗ്രാമപഞ്ചായത്തുകളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ല സ്പോർട്സ് കൗൺസിലിന്റെ പ്രത്യേക സംഘം പരിശോധന നടത്തി. തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തിയ സ്ഥലങ്ങൾ മൈതാനങ്ങൾ നിർമിക്കാൻ പര്യാപ്തമാണോ, ആണെങ്കിൽ ഏതെല്ലാം ഗെയിമുകൾക്കായി സ്ഥലം വിനിയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിക്കുന്നത്. പരിശോധന പൂർത്തിയാക്കി ഒരാഴ്ചക്കകം ജില്ല സ്പോർട്സ് കൗൺസിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.
കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ പദ്ധതിക്ക് സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവർക്കും ആരോഗ്യം, ശാരീരിക ക്ഷമത, സന്തോഷം എന്ന ലക്ഷ്യത്തോടെയാണ് കായിക വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട്, എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട്, സംസ്ഥാന പ്ലാൻ ഫണ്ട്, കോർപറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
2023 ജനുവരിയിലെ കായിക വകുപ്പിന്റെ ഉത്തരവ് പ്രകാരം പദ്ധതിയിൽ സംസ്ഥാനത്ത് 113 കളിസ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ ജില്ലയിൽനിന്ന് താനൂർ ഒഴികെ 15 നിയമസഭ മണ്ഡലങ്ങളിൽനിന്ന് ഓരോ പദ്ധതികൾ ഇടംപിടിച്ചു.കൊണ്ടോട്ടിയിൽ മുതുവല്ലൂർ മുണ്ടക്കുളം സ്റ്റേഡിയം, പെരിന്തൽമണ്ണയിൽ താഴെക്കോട് അരിങ്ങപറമ്പ് ജി.എൽ.പി, കോട്ടക്കലിൽ ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം, മങ്കടയിൽ കോഴിക്കോട്ടുപറമ്പ് മിനി സ്റ്റേഡിയം, വള്ളിക്കുന്നിൽ പെരുവള്ളൂർ ഹയർസെക്കൻഡറി സ്കൂൾ മൈതാനം,
നിലമ്പൂരിൽ വഴിക്കടവ് പാലാട് പഞ്ചായത്ത് മൈതാനം, വണ്ടൂരിൽ ചോക്കാട് പഞ്ചായത്ത് മൈതാനം, മഞ്ചേരിയിൽ എടപ്പറ്റ, വേങ്ങരയിൽ എ.ആർ നഗർ ചെണ്ടപ്പുറായ, തിരൂരങ്ങാടിയിൽ നന്നമ്പ്ര കൊടിഞ്ഞി മൈതാനം, തവനൂരിൽ പുറത്തൂർ പടിഞ്ഞാറെക്കര ഗവ. യു.പി സ്കൂൾ, പൊന്നാനിയിൽ കോക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ, ഏറനാട്ട് കീഴുപറമ്പ് ജി.എച്ച്.എസ്.എസ്, മലപ്പുറത്ത് ഇരുമ്പുഴി എച്ച്.എസ്.എസ് മൈതാനം, തിരൂരിൽ വെട്ടം പഞ്ചായത്ത് മൈതാനം എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.