പരപ്പനങ്ങാടി: ഇത്തിൾ കുമ്മായ കുടിൽ വ്യവസായ യൂനിറ്റുകൾ ഓർമകളിലേക്ക് മാഞ്ഞിട്ടും പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലെ മാളിയേക്കൽ ഇത്തിൾ ചെറുകിട കുടിൽ വ്യവസായം നൂറ്റാണ്ട് പിന്നിട്ട് മുന്നോട്ട്. എട്ടാം വയസ്സിൽ പഠനം നിർത്തി പിതാവ് കുഞ്ഞവറാൻ കുട്ടിയോടൊപ്പം ഇത്തിൾ സംസ്കരിച്ച് കുമ്മായം പണിയുന്ന ചൂളയിൽ പണിതുടങ്ങിയതാണ് മാളിയേക്കൽ അബൂബക്കർ. ഇപ്പോൾ 63ാം വയസിലും ഇത്തിൾ വ്യവസായത്തിന്റെ നിറശോഭയിലാണ് അബൂബക്കർ. സഹായിയായി അന്തർ സംസ്ഥാന ജോലിക്കാരനും മകനും ഭാര്യയും വർഷങ്ങളായി കൂടെയുണ്ട്. വെറ്റില മുറുക്കിനൊപ്പം ചുണ്ണാമ്പ് (നൂറ്) ചേർക്കാനും ചുവരുകൾ ചായം പൂശാനും ഇത്തിൾ കുമ്മായം ഉപയോഗിച്ചതും വെള്ളം ശുദ്ധീകരിക്കാനും, പൂപ്പൽ പോവാനും ഇത്തിൾ ഉപയോഗിച്ചതും പഴയ ഓർമകൾ.
ലില്ലീസം, ഡിസ്റ്റമ്പർ, ബ്ലീച്ചിങ് പൗഡർ, സിമന്റ് എന്നിവക്ക് പകരമായിരുന്നു പണ്ട് ഇത്തിൾ കുമ്മായം. പുതിയ ഉൽപന്നങ്ങൾ വിപണി കീഴടക്കിയതോടെ പല യൂനിറ്റുകളും ഇല്ലാതായി. എന്നാൽ, പുതുസാധ്യതകൾ തേടി അബൂബക്കർ പിടിച്ചു നിന്നു. തൊട്ടടുത്തെ കടലുണ്ടി പുഴയിൽ എരുന്ത് അടിയുന്ന സീസണുകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം സ്ഥിരമായി പുറത്തൂർ കായലിലെ എരുന്ത് ചിപ്പികളാണ് പ്രധാന അസംസ്കൃത വസ്തു. പുഴകളിലും തോടുകളിലും എരുന്തു വാരുന്നവർ ഇറച്ചി എടുത്ത് പുറത്ത് കളയുന്ന തോട് കിലോക്ക് പത്തു രൂപ തോതിലാണ് ഇവിടെ തൂക്കിവാങ്ങുന്നത്. അത് മരക്കരി ഉപയോഗിച്ച് ചൂളയിലിട്ട് സംസ്കരിച്ചെടുത്ത് 18 രൂപ കിലോ നിരക്കിലാണ് വിൽക്കുന്നത്. നൂറുവർഷങ്ങൾക്ക് മുമ്പ് പിതാമഹൻ മൊയ്തീൻ കുട്ടി തുടക്കമിട്ട ഇത്തിൾ കുമ്മായ നിർമാണ സംരംഭം പിതാവ് അവറാൻ കുട്ടിയിലൂടെ തുടർന്ന് അബൂബക്കറിന്റെ കൈകളിലൂടെ തലമുറകളിലേക്ക് പകരണമെന്നാണ് മാളിയേക്കൽ കുടുംബം കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.