പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിനെ തുടർന്ന് പൊതുജനങ്ങൾ വലിയതോതിൽ ദുരിതമനുഭവിക്കുന്നതായി ഭരണസമിതി കുറ്റപ്പെടുത്തി. സ്ഥലം മാറ്റിയ 17 പേരുടെയും തസ്തികകളിൽ പകരം ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങൾ തിങ്കളാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തും. പകരം ജീവനക്കാരെത്തിയില്ലെങ്കിൽ അനിശ്ചതകാല സമരം നടത്തും. അങ്ങാടിപ്പുറത്ത് 16 സ്ഥിര ജീവനക്കാരാണുള്ളത്.
അസിസ്റ്റന്റ് എൻജിനീയർ അടക്കം മൂന്നു പേർ എൻജിനീയറിങ് വിഭാഗത്തിൽ വേറെയുമുണ്ട്. ഇതിൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ അടക്കം 17 ജീവനക്കാരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. അസിസ്റ്റന്റ് സെക്രട്ടറി, അറ്റൻഡർ, രണ്ട് ശുചീകരണ ജീവനക്കാർ എന്നിവരാണിനി ബാക്കി. പകരക്കാരെ ഉടൻ നിയമിക്കുമെന്നും അതിനു ശേഷമേ സ്ഥലം മാറ്റപ്പെട്ടവർ വിടുതൽ ചെയ്യൂ എന്നും തദ്ദേശ വകുപ്പ് അറിയിച്ചിരുന്നു.
ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തോടെ വ്യാപാരി ലൈസൻസ് പുതുക്കൽ, പുതിയത് എടുക്കൽ, കെട്ടിട നമ്പറുകൾ നൽകൽ, മരണ- ജനന വിവാഹ രജിസ്ട്രേഷൻ, ദൈനംദിന കാര്യങ്ങൾ എന്നിവ പൂർണണായും മുടങ്ങി. പൊതുജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. തദ്ദേശ വകുപ്പിന്റെയും മന്ത്രിയുടെയും സർക്കാറിന്റെയും കെടുകാര്യസ്ഥതയാണ് ഒരു പഞ്ചായത്തിനെ അനാഥമാക്കിയതിന് പിന്നിലെന്നാണ് പരാതി. കാലങ്ങളായി ജനസംഖ്യാനുപാതികമായി തസ്തിക സൃഷ്ടിച്ചിട്ടില്ല. ജോലി ഭാരം കാരണം ഇവിടേക്ക് വരാൻ ഉദ്യോഗാർഥികൾ തയാറാവുന്നില്ല.
പകരക്കാർ ആരും വരാതെ തന്നെ സെക്രട്ടറി അടക്കമുള്ള 12 പേർ പോയി. അഞ്ചുപേർ ഉടൻ പോകും. എൻജിനീയറും സ്ഥലമാറ്റം ലഭിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടും.
വാർഷിക പദ്ധതികളും നിർവഹണവും സ്തംഭിച്ചു. സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നതിനു പകരം സി.പി.എമ്മിന്റെ പഞ്ചായത്തിലെ അംഗങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ഫണ്ടുകൾ വെട്ടിക്കുറച്ചും തിരിച്ചുപിടിച്ചും ജീവനക്കാരുടെ നിയമനം നടത്താതെ ഉദ്യോഗ തസ്തികകൾ ഒഴിച്ചിട്ടും ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിരം സമിതി അധ്യക്ഷരായ താണിയൻ സലീന, ഫൗസിയ തവളേങ്ങൽ എന്നിവർ പങ്കെടുത്തു.
എ.ഇയുടെ മേൽനോട്ടത്തിൽ മാത്രം 371
അങ്ങാടിപ്പുറം: വാർഷിക പദ്ധതിയിൽ മാത്രം ഈ വർഷം ചെലവിടാൻ അങ്ങാടിപ്പുറം പഞ്ചായത്തിലുള്ളത് 12.5 കോടി രൂപയാണ്. നിർവഹണ ഉദ്യോഗസ്ഥരും പദ്ധതിക്ക് മേൽനോട്ടം വഹിക്കേണ്ടവരുമില്ല. 540 പദ്ധതികളാണ് ഡി.പി.സിക്ക് നൽകിയത്. അസിസ്റ്റന്റ് എൻജിനീയർ മാത്രം നിർവഹിക്കേണ്ടത് 371 പദ്ധതികളാണ്. പഞ്ചായത്തിന്റെ തനത് ഫണ്ട് കൂടി ചെലവിടേണ്ട പദ്ധതികൾ ആവുമ്പോൾ ഇനിയും കൂടും. 72,000 വരെയാണ് പഞ്ചായത്തിലെ ജനസംഖ്യ. ജനസംഖ്യാനുപാതികമായി വാർഡ് വിഭജനം നടത്തിയാൽ ഇനിയും ഏഴോ എട്ടോ വാർഡ് പുതിയത് വേണം.
15 വർഷത്തോളമായി വിഭജന പട്ടികയിലുള്ളതാണ് അങ്ങാടിപ്പുറം. മുൻ വർഷം അസിസ്റ്റന്റ് എൻജിനീയറുടെ തസ്തിക ഒഴിഞ്ഞ് കിടന്ന ഘട്ടത്തിൽ അംഗങ്ങളിൽ ചിലർ കൈയിൽനിന്ന് പണമെടുത്താണ് അംഗീകൃത എൻജിനീയർമാരെ കൊണ്ട് എസ്റ്റിമേറ്റ് തയാറാക്കിച്ച് അനുമതി വാങ്ങിയത്. ട്രഷറി നിയന്ത്രണം കൂടിയായതോടെ വൻതുക അനുവദിച്ച് കിട്ടാതെ പഞ്ചായത്തിന് നഷ്ടപ്പെട്ടിരുന്നു. ഇത്തവണയും അതേ സ്ഥിതിയാണ് വരാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.