പെരിന്തൽമണ്ണ: അഗതിരഹിത പഞ്ചായത്ത് പദ്ധതിയിൽ അങ്ങാടിപ്പുറത്ത് എട്ടുമാസമായി ഭക്ഷ്യകിറ്റുകൾ മുടങ്ങിക്കിടക്കുന്നത് എന്ത് ചെയ്യണമെന്ന് ഫണ്ട് കിട്ടുമ്പോൾ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത്. ജനുവരി മുതൽ മുടങ്ങാതെ ഭക്ഷ്യകിറ്റ് നൽകാനാണ് തീരുമാനം. ഇത് ഓൺ ഫണ്ട് വിനിയോഗിച്ചാണ് നൽകുന്നത്.
235 കുടുംബങ്ങൾക്കാണ് പ്രതിമാസം ഭക്ഷ്യകിറ്റുകൾ നൽകുന്നത്. കുടുംബശ്രീ മിഷൻ 40 ശതമാനവും ബാക്കി പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽനിന്ന് നീക്കിവെച്ചുമാണ് നൽകേണ്ടത്. 85,000 രൂപയാണ് പ്രതിമാസം പദ്ധതിക്ക് ചെലവ്.
2020 ഡിസംബറിലുള്ള ഭക്ഷ്യകിറ്റ് 2021 ഫെബ്രുവരിയിലാണ് വിതരണം ചെയ്തത്. ജനുവരി മുതൽ ആഗസ്റ്റ് വരെ എട്ടുമാസത്തെ കിറ്റുകൾ നൽകിയിരുന്നില്ല. ഇനി മുതൽ ഓരോ മാസവും കിറ്റുകൾ നൽകുമെന്നും ഫെബ്രുവരിയിലെ കിറ്റ് ഉടൻ വിതരണം ചെയ്യുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. വാർഷിക പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾ തുക നീക്കിവെച്ച് കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ്, പഞ്ചായത്ത് അസി. സെക്രട്ടറി എന്നിവരുടെ പേരിൽ ജോയന്റ് അക്കൗണ്ട് തുടങ്ങി മുടങ്ങാതെ നടത്തേണ്ട പദ്ധതിയിൽ പക്ഷേ കുടുംബശ്രീ വിഹിതം ഏറെക്കാലം മുടങ്ങി. അഗതിരഹിത പദ്ധതിയിൽ, ഒരംഗമാണ് കുടുംബത്തിലെങ്കിൽ 250 രൂപയുടെയും രണ്ടുപേർക്ക് 350 രൂപയുടെയും മൂന്നുപേർക്ക് 500 രൂപയുടെയും പോഷകാഹാരക്കിറ്റുകളാണ് മാസത്തിൽ നൽകേണ്ടത്.
235 കുടുംബങ്ങൾ ഇതിന് അർഹരാണ്. കുടുംബശ്രീയുടെ വിഹിതവും ചേർത്താണ് പദ്ധതി നടക്കുന്നതെങ്കിലും കുടുംബശ്രീ വിഹിതം വൈകിയാലും പദ്ധതി മുടങ്ങാൻ പാടില്ല. മൂന്നു വർഷത്തേക്കുള്ളതാണ് പദ്ധതി. അടുത്ത ഏപ്രിൽ മുതൽ പട്ടിക പുതുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.