പെരിന്തൽമണ്ണ: അഞ്ചുകോടി രൂപ ചെലവിൽ പെരിന്തൽമണ്ണ ചോലോംകുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലത്ത് നിർമാണം തുടങ്ങിയ ഗവ. ആയുർവേദ ആശുപത്രി പൂർത്തിയാവുന്നത് കാത്തിരിക്കാതെ നിലവിലെ ആശുപത്രി താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനം. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ചാണിത്. ആയുർവേദ ആശുപത്രിക്ക് അനുയോജ്യമായ താത്കാലിക കെട്ടിടം കണ്ടെത്താൻ ആരോഗ്യ മെയിന്റനൻസ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. സ്ഥലം അടിയന്തരമായി കണ്ടെത്തി ആശുപത്രി പ്രവർത്തനം താൽക്കാലികമായി മാറ്റുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
നാലുവർഷം മുമ്പാണ് പുതിയ കെട്ടിടം നിർമാണം ആരംഭിച്ചത്. നാലുമാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടതായിരുന്നു. ബംഗളൂരു ആസ്ഥാനമായ എ.യു.എസ് കൺസോർഷ്യമാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. അഞ്ചു കോടിയിൽ 75 ലക്ഷം ദേശീയ ആയുഷ്മിഷൻ വിഹിതവും ബാക്കി നഗരസഭ ഫണ്ടും ഉപയോഗിക്കാനായിരുന്നു തീരുമാനം. പ്രീ ഫാബ് സാങ്കേതിക വിദ്യയിൽ പൊതുമേഖല കമ്പനിയായ എഫ്.എ.സി.ടി.ആർ സി.എഫ് ആണ് നിർമാണം തുടങ്ങിയത്. ഫണ്ടില്ലാതെ നഗരസഭ കടക്കെണിയിൽ വലഞ്ഞതും മുൻഗണന പാലിക്കാതെ പദ്ധതികൾക്ക് പണം വിനിയോഗിച്ചതുമടക്കമാണ് കെട്ടിട നിർമാണം മുടങ്ങാൻ കാരണം.
നാലു വർഷമായിട്ടും ഏതാനും തൂണുകളിൽ നിൽക്കുകയാണ്. 1959ൽ ആരംഭിച്ചതാണ് നലവിലെ ആശുപത്രി. ജൂബിലി റോഡിലെ ആശുപത്രി കെട്ടിടത്തിൽ അഞ്ചു സ്ത്രീകളെയും അഞ്ചു പുരുഷൻമാരെയും കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള താലൂക്കിലെ ഏക ആശുപത്രിയാണ്. ചീഫ് മെഡിക്കൽ ഓഫിസറും രണ്ടു ഡോക്ടർമാരും രണ്ട് തെറാപ്പിസ്റ്റുകളുമാണുള്ളത്. പ്രതിദിനം നൂറു മുതൽ 150 വരെ രോഗികൾ ഇവിടെയെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.