പെരിന്തൽമണ്ണ: 2020ൽ ആരംഭിച്ച നഗരസഭ ആധുനിക ടൗൺ ഹാൾ നിർമാണം പൂർത്തിയാക്കാൻ രണ്ടാംഘട്ട നിർമാണം വീണ്ടും ടെൻഡർ ചെയ്യുന്നു.
രണ്ടാംഘട്ട പ്രവൃത്തി പൂർത്തീകരിച്ച് കൈമാറാൻ അംഗീകൃത ഏജൻസികളിൽനിന്ന് അനുവദനീയമായ സെന്റേജ് ചാർജ് വ്യവസ്ഥയിൽ ഏറ്റെടുക്കുന്നതിന് സെന്റേജ് നിരക്കിലുള്ള മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിക്കാൻ വെള്ളിയാഴ്ച നടന്ന ഭരണസമിതി യോഗം തീരുമാനിച്ചു. ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ടൗൺ ഹാളിന്റെ തുടർനിർമാണ പ്രവൃത്തികൾ നാലു വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. പുതിയ ടെൻഡർ നടപടികൾ കഴിഞ്ഞാൽ യുദ്ധകാല അടിസ്ഥാനത്തിൽ രണ്ടാംഘട്ട പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് യോഗത്തിൽ ചെയർമാൻ പി. ഷാജി അറിയിച്ചു.
മൂന്നു നിലകളിൽ 22,714 ചതുരശ്ര മീറ്ററാണ് പുതുതായി നിർമിക്കുന്ന ടൗൺഹാളിന് നേരത്തെ വിഭാവനം ചെയ്തത്. ഏഴു കോടി രൂപയാണ് അഞ്ചു വർഷം മുമ്പ് കണക്കാക്കിയ ചെലവ്. നാലു കോടി രൂപയുടെ പ്രവൃത്തിയാണ് രണ്ടു വർഷം മുമ്പ് വരെ പൂർത്തിയായത്.
കെട്ടിടത്തിന്റെ പ്രാഥമിക രൂപമാണിപ്പോഴും. ആധുനിക സൗകര്യങ്ങളോടെ 2020 തുടക്കത്തിലാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. പണമില്ലാത്തതിനാൽ മുടങ്ങിയതാണ്. നഗരസഭയുടെ പ്രധാന സെമിനാറുകളും പൊതുപരിപാടികളും കഴിഞ്ഞ നാലു വർഷത്തിലേറെയായി പണം ചെലവിട്ട് സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടത്തുന്നത്. മൂസക്കുട്ടി സ്മാരക ടൗൺഹാൾ കാലപ്പഴക്കം കാരണം 2019ലാണ് പൊളിച്ച് ഏഴുകോടിയിൽ നവീകരിക്കാൻ പദ്ധതി തയാറാക്കിയത്. കരാറെടുത്തവർ പൂർത്തിയാക്കിയ പണിക്കുള്ള പണം കിട്ടാൻ നേരത്തെ നഗരസഭക്കെതിരെ പലവട്ടം നിയമനടപടി തുടങ്ങിയിരുന്നു. ഗ്രൗണ്ട് ഫ്ലോറിൽ 250 ഓളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, കിച്ചൺ എന്നിവയും ഒന്നാം നിലയിൽ 504 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും വിഭാവന ചെയ്തിട്ടുണ്ട്. നാലു വർഷം മുടങ്ങിക്കിടന്നതുകൊണ്ട് നേരത്തെ വിഭാവനം ചെയ്തത് പ്രകാരം പദ്ധതി പൂർത്തിയാക്കാൻ നേരത്തെ കണക്കാക്കിയതിനേക്കാൾ പണം ചെലവു വരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.