പെരിന്തൽമണ്ണ: മോഷ്ടാവിന്റെ വെട്ടേറ്റ് ആശുപത്രിയിലായ, പേരമകളോടൊപ്പം തനിച്ച് താമസിക്കുന്ന കുന്നക്കാവ് വടക്കേക്കരയിൽ പോത്തൻകുഴിയിൽ കല്യാണി (75) ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു. ശനിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് ഇവരും പേരമകൾ നീനയും താമസിക്കുന്ന വീടിന്റെ അടുക്കളവാതിൽ പൊളിച്ച് മോഷ്ടാവ് എത്തിയത്. വൈദ്യുതിയില്ലാത്ത ആ രാത്രി മൊബൈൽ വെളിച്ചത്തിൽ മോഷ്ടാവിനെ കണ്ട് ഉറക്കെ നിലവിളിച്ച കല്യാണിയമ്മക്ക് നേരെ നീളമുള്ള കത്തി വീശിയാണ് മോഷ്ടാവ് ഇറങ്ങി ഓടിയത്.
തലനാരിഴക്കാണ് ഇവർ രക്ഷപെട്ടത്. ജീവൻ മരവിച്ച ആ നിമിഷങ്ങൾ കല്യാണിയമ്മ ഭീതിയോടെയാണ് ഓർക്കുന്നത്. കല്യാണിയമ്മയുടെ വാക്കുകൾ: ‘‘വെള്ളിയാഴ്ച പകൽ ഒരാൾ വീട്ടിൽ പിരിവിനു വന്നിരുന്നു. വൃക്ക മാറ്റിവെക്കാൻ സഹായം തേടിയാണ് വന്നത്. ബക്കറ്റിൽ പിരിവും നൽകി. അപരിചിതൻ അയൽവീട്ടിലും ഇപ്രകാരം പോയി. ഇതുമായി ബന്ധമുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും ഈ സംഭവവും പൊലീസിനോട് പറഞ്ഞിട്ടുണ്ട്’’.
അടുക്കള ഭാഗത്തു നിന്നും ശബ്ദം കേട്ടപ്പോൾ പേരമകളെ വിളിച്ചെന്നും എലിയോ മറ്റോ ആവുമെന്ന് കരുതി ഇരുവരും കിടന്നെന്നും എന്നാൽ അൽപ സമയത്തിന് ശേഷം ഒരാൾ കിടക്കുന്ന മുറിയിൽ കയറി വന്നത് കണ്ടാണ് അയൽക്കാരെ വിളിച്ച് നിലവിളിച്ചതെന്നും കല്യാണിയമ്മ കൂട്ടിച്ചേർത്തു.
മോഷ്ടാവ് കത്തി വീശിയതിൽ നെറ്റിയിൽ നീളത്തിലുള്ള മുറിവു പറ്റിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ മോഷ്ടാവിനെ പിടികൂടുമെന്ന പ്രതീക്ഷയിലാണ് കല്യാണിയമ്മ. മകൾ പ്രേമയാണ് അമ്മയോടൊപ്പം ആശുപത്രിയിൽ. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമടക്കം എത്തി തെളിവെടുപ്പ് നടത്തി പൊലീസ് ആന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.