പെരിന്തൽമണ്ണ: മൂന്നര കിലോഗ്രാം കഞ്ചാവുമായി വടകര സ്വദേശിയെ പെരിന്തല്‍മണ്ണയില്‍നിന്ന് അറസ്റ്റ് ചെയ്തു. വടകര അഴിയൂര്‍ സ്വദേശി ശരത്തിനെയാണ് (41) മാനത്തുമംഗലം ബൈപാസിൽ വെച്ച് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആന്ധ്രയില്‍നിന്ന് ചെറിയ ട്രോളി ബാഗിലാക്കി കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വില്പനക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ശരത്ത്. സംഘത്തിലെ താമരശ്ശേരി ഭാഗത്തെ മറ്റുള്ളവരെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ ആന്ധ്രയില്‍നിന്ന് വരുന്ന വഴി 12 കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ നാലുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കോഴിക്കോട് ജില്ലയില്‍ തട്ടിപ്പ് കേസുകളിലും പ്രതിയാണ്.
ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടതിനാല്‍ ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, സി.ഐ സി. അലവി എന്നിവര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദ്, പ്രബേഷന്‍ എസ്.ഐ ഷൈലേഷ്, എ.എസ്.ഐ ബൈജു, സജീര്‍, ഉല്ലാസ് എന്നിവരും പെരിന്തല്‍മണ്ണ ആൻറി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.