പെരിന്തൽമണ്ണ: വീട്ടിലെ പഴയ ബൈക്കിെൻറ എന്‍ജിനും ഇരുമ്പുകമ്പികളും തകിടും പഴയ വാഹനങ്ങളുടെ ഒഴിവാക്കിയ ചില ഭാഗങ്ങളും ഉപയോഗിച്ച് അങ്ങാടിപ്പുറം പരിയാപുരം സ്വദേശിയായ പ്ലസ് ടുക്കാരൻ കെ. മുഹമ്മദ് ഷിബിൻ 20 ദിവസം കൊണ്ട് ഒരു വണ്ടിയുണ്ടാക്കി.
വണ്ടി നിരത്തിലോടുന്നതുകണ്ട് വീട്ടുകാരും കൂട്ടുകാരും അയൽക്കാരും അതിശയം കൂറി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ താലോലിച്ച സ്വപ്നമാണ് ഷിബിൻ യാഥാർഥ്യമാക്കിയത്. സഹോദരനും ഡിഗ്രി വിദ്യാർഥിയുമായ മുഹമ്മദ് സിജിലാണ് സഹായി. ഹൈസ്കൂൾ പഠനകാലത്തുതന്നെ ഹൈഡ്രോളിക് എസ്കവേറ്റർ, ഇലക്ട്രിക് എൻജിൻ, ഹവർ ബോർഡ്, ഇലക്ട്രിക് സൈക്കിൾ എന്നിവ നിർമിച്ച് ശ്രദ്ധനേടിയിരുന്നു.
നിരത്തിലോടുന്ന കാറുകളുടെ സാങ്കേതികവിദ്യ തന്നെയാണിതിനും. ബൈക്കില്‍ ഉപയോഗിച്ച വയറിങ് രൂപമാറ്റം വരുത്തി സ്വപ്നവാഹനത്തിനൊപ്പം ചേര്‍ത്തു. കുഞ്ഞുനാളിലേ ഇത്തരം കാര്യങ്ങളിലാണ് മകെൻറ ശ്രദ്ധയെന്ന് തൂത ഡി.യു.എച്ച്.എസിലെ അധ്യാപക ദമ്പതികളായ പരിയാപുരം കൊടശേരി സെയ്തലവിയും റജീനയും പറഞ്ഞു. വെല്‍ഡിങ്, ഡ്രില്ലിങ്, ഗ്രൈൻഡിങ്, കട്ടിങ് ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം സ്വയം ചെയ്തതിനാല്‍ നിർമാണച്ചെലവ് വെറും 7500 രൂപ.
ഹൈബ്രിഡ് സാങ്കേതിക വിദ്യയുള്ളതിനാൽ പെട്രോള്‍ തീർന്നാലും ഇലക്ട്രിക് മോട്ടോര്‍ കൂടിയുള്ളതിനാല്‍ നിരത്തിൽ കിടക്കില്ല. പെട്രോളിന് 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ഇലക്ട്രിക് മോട്ടോറിനാെണങ്കിൽ മണിക്കൂറിൽ 15-20 വേഗതയിൽ രണ്ടുമണിക്കൂർ സഞ്ചരിക്കാം.
ബൈക്ക് എന്‍ജിനിലാണ് ഓടുന്നതെങ്കിലും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ ഉള്ളതിനാല്‍ റിവേഴ്സ് എടുക്കാം. ഷോക്ക് അബ്സോര്‍ബറും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം നിരത്തിലോടുന്ന കാറുകളിലേതിന് സമം. നാലുലിറ്ററാണ് പെട്രോള്‍ ടാങ്കിെൻറ സംഭരണ ശേഷി. ഒന്നര ലിറ്ററാകുന്നതോടെ റിസര്‍വിലെത്തും.
കോമ്പി ബ്രേക്ക്, എ.ബി.എസ്, സെല്‍ഫ് സ്റ്റാര്‍ട്ടിങ് എന്നിവ ഉള്‍പ്പെടുത്തുകയാണ് ഇനിയുള്ള ലക്ഷ്യം. പരിയാപുരം സെൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്ലസ് ടു കഴിഞ്ഞ ഷിബിൻ കുസാറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് ചേരാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.