പെരിന്തൽമണ്ണ: വികസനവും വളർച്ചയും ചർച്ചയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനായി പെരിന്തൽമണ്ണയിലെത്തുമ്പോൾ അഭിമുഖീകരിക്കാനുള്ളത് പൂർത്തിയാവാത്ത പദ്ധതികളുട നീണ്ടനിര. ഫണ്ടിന്റെ അഭാവംകൊണ്ട് പാതിവഴിയിൽ കിടക്കുന്ന പദ്ധതികൾക്ക് സർക്കാറിന്റെ പ്രത്യേക പരിഗണന വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
2010ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ 10 കോടി രൂപ നീക്കിവെച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച പെരിന്തൽമണ്ണയുടെ സ്വപ്നപദ്ധതിയാണ് ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്. 36 ഹെക്ടർ ഭൂമി ഏറ്റെടുത്ത് 4.1 കി.മീ നീളത്തിൽ പുതിയ ബൈപാസ് നിർമിച്ച് കോഴിക്കാട് -പാലക്കാട് ദേശീയപാതയിലെ കുരുക്ക് കുറക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ അനിവാര്യത കണ്ടറിഞ്ഞാണ് 13 വർഷം മുമ്പ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാറും രണ്ട് ഇടത് സർക്കാറുകളും ഇതിലേക്ക് തിരിഞ്ഞുനോക്കിയില്ല. പദ്ധതി പ്രഖ്യാപിച്ച ശേഷം പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽനിന്ന് യു.ഡി.എഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടതോടെ അവഗണന കൂടി.
ശരാശരി 250 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി നാടിന്റെ വികസനത്തിന് ഏറെ അനിവാര്യമാണ്. രാഷ്ട്രീയഭേദമന്യേ നാട്ടുകാരും വ്യാപാരികളും പദ്ധതിക്കായി രംഗത്തുണ്ട്. മുറവിളി ഉയർന്ന ഘട്ടത്തിൽ 2022 ഒക്ടോബറിൽ കിഫ്ബി സംഘത്തെ പ്രദേശത്തേക്ക് അയച്ച് ഒരുതവണകൂടി സാധ്യത പരിശോധിച്ചെങ്കിലും തുടർപ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല.
56 കോടി രൂപ ചെലവിൽ പെരിന്തൽമണ്ണ ഒടിയൻചോലയിൽ ഏഴ് ഏക്കർ ഭൂമിയിൽ 400 കുടുംബങ്ങളെ പാർപ്പിക്കുന്ന ലൈഫ് പദ്ധതിക്ക് 2019 ഫെബ്രുവരി 19നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചത്. സംസ്ഥാനത്തെത്തന്നെ ഏറ്റവും വലിയ പാർപ്പിട സമുച്ചയമാണിത്. രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യേണ്ട പദ്ധതി ഫണ്ടിന്റെ അഭാവംകൊണ്ട് നീണ്ടുപോയി. 600 സ്ക്വയർഫീറ്റുള്ള 12 ഭവനങ്ങൾ അടങ്ങുന്ന മൂന്നു നിലകളോടുകൂടിയതാണ് ഒരു അപ്പാർട്മെന്റ്. ഇത്തരത്തിൽ 34 അപ്പാർട്മെന്റാണ് 400 കുടുംബങ്ങൾക്കായുള്ളത്. സി.എസ്.ആർ ഫണ്ട് വഴി 6.5 കോടി ലക്ഷ്യമിട്ടത് കിട്ടാതായതോടെ സർക്കാറിലേക്ക് ആവശ്യപ്പെട്ടു. ഇത് വായ്പയായാണ് അനുവദിച്ചത്. ഒന്നാംഘട്ടം മുൻ ഭരണസമിതിയുടെ കാലത്തുതന്നെ ഉദ്ഘാടനം നടത്തി. 350 പാർപ്പിടങ്ങൾ ഏകദേശം പൂർത്തിയായി. 250 എണ്ണം ഗുണഭോക്താക്കൾക്ക് കൈമാറി. ലക്ഷ്യമിട്ട പദ്ധതി പൂർത്തിയാവാൻ ഇനിയും കാത്തിരിക്കണം.
അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 11.89 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചത് 2020 ഒക്ടോബർ 17ന്. മൂന്നു വർഷം കഴിയുമ്പോഴും ഫണ്ട് ലഭിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് വഴി ലഭിക്കേണ്ട പദ്ധതിയുടെ രേഖാചിത്രം പോലുമായിട്ടില്ല. ഇനി ആ ഫണ്ട് ലഭിക്കുമെന്ന് ഉറപ്പുമില്ല. അത്യാഹിത വിഭാഗം, ഒ.പി ബ്ലോക്ക്, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ എന്നിവക്കാണ് വിഹിതം. നിലവിൽ പ്രവർത്തിച്ചിരുന്ന ഇടുങ്ങിയ ഓഫിസ്, ഇതിന് പിന്നിലെ ഒ.പി ബ്ലോക്ക്, വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കെ.എച്ച്.ആർ.ആർ.ഡബ്ല്യു.എസിന്റെ കെട്ടിടം എന്നിവ പൊളിച്ചുനീക്കി രണ്ടു നിലകളുള്ള കെട്ടിടമാണ് നിർമിക്കാൻ ലക്ഷ്യമിട്ടത്. അഞ്ചു നിലകളുള്ള ബ്ലോക്കിനുള്ള രീതിയിലാണ് തുടക്കമിടുക. രണ്ടു നിലകൾ ആദ്യഘട്ടത്തിൽ നിർമിക്കും. സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് പദ്ധതി തയാറാക്കി നൽകിയത്.
പെരിന്തൽമണ്ണ നഗരത്തിന്റെയും ഏലംകുളം, അങ്ങാടിപ്പുറം, ആലിപ്പറമ്പ് പഞ്ചായത്തുകളുടെയും ശുദ്ധജല പ്രശ്നം ശാശ്വതമായി പരിഹരിക്കുക എന്ന ചിരകാല സ്വപ്നം യാഥാർഥ്യമാക്കാനുള്ള രാമൻചാടി -അലീഗഢ് ശുദ്ധജല പദ്ധതിയുടെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം 2020 ഒക്ടോബർ 27നാണ് അന്നത്തെ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചത്. ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി മൂന്ന് വർഷം പിന്നിട്ടു. കഴിഞ്ഞ രണ്ട് വേനലിലും പദ്ധതി പ്രതീക്ഷിച്ച് നൂറുകണക്കിന് കുടുംബങ്ങൾ കാത്തിരുന്നു. നിർമാണം ഇനിയും നീളുമെന്നാണ് അധികൃതർ പറയുന്നത്. നിലവിലെ കട്ടുപ്പാറ പദ്ധതിയുടെ വിതരണ സംവിധാനം നഗരത്തിന്റെ വളർച്ചക്കനുസരിച്ചുള്ള ജല ആവശ്യങ്ങൾക്ക് അപര്യാപ്തമായി വന്നതോടെയാണ് പുതിയ പദ്ധതിയെക്കുറിച്ച് ചർച്ചകൾ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.