പെരിന്തൽമണ്ണ: 18 വയസ്സിന് മുകളിലുള്ളവരുടെ സമ്പൂർണ വാക്സിനേഷനിലേക്ക് അടുത്ത് പെരിന്തൽമണ്ണ നഗരസഭ. 34 വാർഡുകളിലായി 40,742 പേർക്കാണ് കോവിഡ് വാക്സിനേഷൻ നൽകിയത്. വിവിധ ഘട്ടങ്ങളിൽ കോവിഡ് ബാധിച്ച 1244 പേരും ക്യാമ്പുകൾ നടന്നപ്പോൾ പങ്കെടുക്കാനാവാതെ പോയ 2672 പേരുമാണിനി ബാക്കിയെന്ന് ചെയർമാൻ പി. ഷാജി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18 വയസ്സിന് താഴെ 9677 പേരാണുള്ളത്. 12നും 17നും ഇടയിൽ 4529 പേരും അഞ്ചിനും 11നും ഇടയിൽ 5148 പേരുമുണ്ട്.
പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽ 62 ദിവസത്തോളം തുടർച്ചയായി വാക്സിൻ ക്യാമ്പ് നടത്തിയും 34 വാർഡുകളിൽ പ്രത്യേക ക്യാമ്പ് നടത്തിയുമാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ചൊവ്വാഴ്ച വരെ 87,863 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ ഭൂരിഭാഗവും പെരിന്തൽമണ്ണ നഗരസഭ നടത്തിയ ക്യാമ്പുകളിലായിരുന്നു.
പ്രവാസികൾക്ക് ആദ്യമായി പ്രത്യേക ക്യാമ്പ് നടത്തി വാക്സിൻ നൽകിയതും 2000 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒരുമിച്ച് ആദ്യഡോസ് വാക്സിൻ നൽകിയതും ജില്ലയിൽ വേറിട്ട ഇടപെടലായിരുന്നു. ബസ് സ്റ്റാൻഡിലെ സ്ഥിരം ക്യാമ്പും വാർഡുകളിലെ ക്യാമ്പുമടക്കം 112 ക്യാമ്പുകൾ നടത്തി. ആകെ 8.4 ലക്ഷം രൂപ ക്യാമ്പുകൾക്കായി ചെലവിട്ടു. വാർത്താസമ്മേളനത്തിൽ സ്ഥിരസമിതി അധ്യക്ഷരായ കെ. ഉണ്ണികൃഷ്ണൻ, എം. ഹനീഫ, പി.എസ്. സന്തോഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.