പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് പുനർവിഭജനത്തിന് സർക്കാർ മുന്നൊരുക്കം നടത്തുമ്പോൾ പത്തു വർഷത്തോളമായി കാത്തിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനം വിസ്മൃതിയിലേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ വലിപ്പവും ജനസംഖ്യയും വരുമാനവും കണക്കാക്കി വിഭജനത്തിന് 2015ലെ തെരഞ്ഞെടുപ്പിനുമുമ്പ് ആലോചന തുടങ്ങിയെങ്കിലും നടന്നില്ല. പിന്നീട് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു പ്രളയങ്ങളേൽപിച്ച ഞെരുക്കത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇടയിലായിരുന്നതിനാൽ വീണ്ടും നടക്കാതെ പോയി. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് വാർഡ് അതിർത്തി നിർണയവും പുതിയ മാനദണ്ഡങ്ങളും സർക്കാർ പരിഗണനയിലാണ്.
പഞ്ചായത്തുകളിൽ 24 വാർഡുകൾ വരെ ആക്കുമ്പോൾ മിക്കയിടത്തും ഒരു വാർഡ് കൂടും. പുതിയ തീരുമാനമനുസരിച്ച് 15,000 ജനസംഖ്യക്ക് മുകളിൽ 13 മുതൽ 23 വരെ വാർഡുകളാണ്. ഇത് 2500 വരെ വർധനവിന് ഒരു വാർഡ് കൂടി വർധിപ്പിച്ച് പരമാവധി വാർഡ് 24 വരെയാക്കാനാണ് ആലോചന. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി മലപ്പുറത്ത് 24 പഞ്ചായത്തുകളാണ് വിഭജനത്തിന്റെ പട്ടികയിൽ ഉണ്ടായിരുന്നത്. കാലങ്ങളായി വിഭജനത്തിന് കാത്തിരുന്നിട്ടും നടക്കാത്തതിനാൽ സംസ്ഥാന ശരാശരിയേക്കാളേറെയാണ് ചില പഞ്ചായത്തുകളിലെ ജനസംഖ്യ. ജില്ലയിൽ ജനസംഖ്യയും വിസ്തൃതിയുമുള്ള 24 പഞ്ചായത്തുകൾ വിഭജിക്കാനായിരുന്നു ആലോചന. 2019 സെപ്റ്റംബർ 20നകം പഞ്ചായത്തുകളോട് നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തിക ഭാരം കാരണം ഇത് നടന്നില്ല. ജില്ലയിൽ നാലോ അഞ്ചോ തദ്ദേശ സ്ഥാപനങ്ങൾ ചേർന്നാൽ ഒരു മണ്ഡലത്തിലെ വോട്ടർമാരാവുമെങ്കിൽ മലബാറിനു പുറത്തുള്ള മധ്യകേരളത്തിൽ വലിയ അന്തരമാണ്. ജില്ലയിലെ പ്രധാന നിയോജക മണ്ഡലങ്ങളിലൊന്നായ മഞ്ചേരി നിയമസഭ മണ്ഡലത്തിൽ 2021ലെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആകെ വോട്ട് 2,06,690 ആയിരുന്നു. മഞ്ചേരി നഗരസഭയിലും തൃക്കലങ്ങോട്, കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട് എന്നീ നാലു പഞ്ചായത്തുകളിലുമാണ് ഇത്രയും പേർ. തിരൂർ മണ്ഡലത്തിൽ നഗരസഭയും ആറു പഞ്ചായത്തും താനൂർ മണ്ഡലത്തിൽ താനൂർ നഗരസഭയും അഞ്ചു പഞ്ചായത്തും പെരിന്തൽമണ്ണയിൽ നഗരസഭയും ആറു പഞ്ചായത്തുമാണ്. ഇനി കോട്ടയം ജില്ലയിലെ പാല നിയമസഭ മണ്ഡലത്തിൽ 2019 ലെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ 1,84,857 വോട്ടാണ്. ഇത് പാല നഗരസഭക്ക് പുറമെ 12 ഗ്രാമപഞ്ചായത്തുകളിലാണ്. സമയബന്ധിതമായി ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ വിഭജിച്ച് പുതിയത് രൂപവത്കരിക്കുന്നതിൽ വന്ന അമാന്തവും കാലതാമസവുമാണ് ഈ അന്തരത്തിന് കാരണം.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി പ്രാഥമിക കണക്കെടുപ്പ് നടത്തിയപ്പോൾ ജില്ലയിൽ 24 പഞ്ചായത്തുകളാണ് വിഭജന പട്ടികയിൽ വന്നത്. വഴിക്കടവ്, പള്ളിക്കൽ, പാണ്ടിക്കാട്, തൃക്കലങ്ങോട്, വള്ളിക്കുന്ന്, ഊർങ്ങാട്ടിരി, മുന്നിയൂർ, വണ്ടൂർ, എടക്കര, അമരമ്പലം, മമ്പാട്, കാളികാവ്, കരുവാരകുണ്ട്, ചുങ്കത്തറ, താഴേക്കോട്, ആലിപ്പറമ്പ്, തിരുവാലി, വെട്ടത്തൂർ, കീഴാറ്റൂർ, എടവണ്ണ, പുലാമന്തോൾ, കുറുവ, ആനക്കയം, അങ്ങാടിപ്പുറം എന്നിവയാണവ. ഒരു ഗ്രാമപഞ്ചായത്തിൽ വേണ്ട ജനസംഖ്യ 27,430 കണക്കാക്കിയിരുന്നു. സംസ്ഥാനത്തെ പഞ്ചായത്തുകളിലെ ആകെ ജനസംഖ്യയും പഞ്ചായത്തുകളുടെ എണ്ണവും ചേർത്താണ് അനുപാതം. 32 ചതുരശ്ര കി.മിയിൽ കൂടുക, വർഷത്തിൽ വിവിധയിനം വരുമാനമായി 50 ലക്ഷത്തിന് മുകളിൽ ലഭിക്കുക എന്നിവയും മാനദണ്ഡങ്ങളായിരുന്നു. 2015ൽ ഇപ്രകാരം വിഭജന പട്ടികയിൽ വന്നത് 12 പഞ്ചായത്തുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.