തിരൂർ: തലക്കാട് കട്ടച്ചിറ-ഇന്ദിര നഗർ പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന റെയിൽവേ ലിങ്ക് റോഡ് യാഥാർഥ്യമാവുന്നു. ജില്ല പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവൃത്തി നടത്തുന്നതിന് റെയിൽവേയുടെ അനുമതി ലഭിച്ചതോടെയാണ് നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാവുന്നത്.
നാട്ടുകാർ ഭൂമി വിട്ടുനൽകിയും പണം കൊടുത്ത് വാങ്ങിയും ജില്ല പഞ്ചായത്തിന് കൈമാറിയ റോഡ് റെയിൽവേ ലൈനിനോട് സമാന്തരമായി പോവുന്നതിനാൽ റെയിൽവേയുടെ അനുമതി ലഭിക്കേണ്ടിയിരുന്നു.
കട്ടച്ചിറ റെയിൽവേ അടിപ്പാത മുതൽ ഇന്ദിര നഗർ വരെ നീളുന്ന റോഡിൽ മഴക്കാലത്ത് ഒരു മീറ്റർ പൊക്കത്തിൽ വെള്ളം ഉയരുന്നതിനാൽ വാഹന ഗതാഗതവും കാൽനട യാത്രയും ദുഷ്കരമായിരുന്നു. തലക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് അംഗം ടി.കെ. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിരന്തരം നടത്തിയ ഇടപെടലിനെ തുടർന്നാണ് റെയിൽവേയുടെ അനുമതി ലഭിച്ചത്.
റോഡ് പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി നിർവഹിക്കും. വാർഡ് അംഗം ടി.കെ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിക്കും. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.