പൊന്നാനി: പത്ത് കോടി രൂപ ചെലവിൽ 1084 മീറ്റർ നീളത്തിൽ നിർമിക്കുന്ന കടൽഭിത്തിയുടെ പ്രവൃത്തി അടുത്ത ആഴ്ച തുടങ്ങും. ടെൻഡർ നടപടി പൂർത്തിയായി ഒന്നര മാസം പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാത്തതിനെ തുടർന്ന് പി. നന്ദകുമാർ എം.എൽ.എ ഇറിഗേഷൻ ഉദ്യോഗസ്ഥരെയും കരാറുകാരനെയും വിളിച്ചുവരുത്തി ചന്തപ്പടി റെസ്റ്റ്ഹൗസിൽ യോഗം ചേർന്നു. തുടർന്നാണ് അടുത്ത ആഴ്ച നിർമാണം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥരും കരാറുകാരനും ഉറപ്പ് നൽകിയത്. നിർമാണത്തിന് തുടക്കം കുറിക്കുന്ന മരക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു.
പ്രവൃത്തിക്കാവശ്യമായ കല്ലുകൾ മരക്കടവ് ഭാഗത്ത് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പെരുമ്പടപ്പ് പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് കടൽഭിത്തി നിർമിക്കുക.
ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്ന സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽ ഒന്നായ പൊന്നാനിയുടെ തീരസംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകി കടൽഭിത്തി നിർമിക്കാൻ ഫണ്ടനുവദിക്കണമെന്ന് പി. നന്ദകുമാർ എം.എൽ.എ സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാറിന്റെ ഇടപെടൽ.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഇറിഗേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ് കുമാർ, അസി. എൻജിനീയർ എം.കെ. റിഷാദ്, കരാറുകാരനായ ഇസ്മായിൽ ഷഹിലുദ്ധീൻ, ഓവർസിയർമാരായ എസ്.ആർ. സിസിലിയ, അശ്വനി പ്രകാശ്, സി.പി.എം ഏരിയ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, യു.കെ. അബൂബക്കർ, കെ. ഇമ്പിച്ചി കോയ തങ്ങൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.