പൊന്നാനി: വീടിനോട് ചേർന്നുള്ള കൂറ്റൻ മരം ഏത് നിമിഷവും കടപുഴകി വീഴുമെന്ന ഭീതിയിൽ രോഗിയായ സഹോദരനെയും കൂട്ടി ഫാത്തിമ ഓരോ ദിവസവും വീടുവിട്ടിറങ്ങുന്നു.
സമീപത്തുള്ള കടത്തിണ്ണയിലാണ് ഇവർ രാത്രി അഭയം തേടുന്നത്. ശക്തമായ കാറ്റടിച്ചാൽ മരം പതിക്കുക ഇവരുടെ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരക്ക് മുകളിൽ. അധികൃതരോട് പറഞ്ഞ് മടുത്തിരിക്കുകയാണ് ഫാത്തിമ.
പൊന്നാനി കുണ്ടുകടവ് ജങ്ഷനിലാണ് സ്വയംരക്ഷക്കായി പുത്തൻപുരയിൽ ഫാത്തിമ കൊടും മഴയിലും കടത്തിണ്ണയെ ആശ്രയിക്കുന്നത്.
പൊന്നാനി കുണ്ടുകടവ് റോഡിൽ പുളിക്കക്കടവ് പെട്രോൾ പമ്പിന് സമീപമാണ് ഏതു നിമിഷവും വീഴാവുന്ന രീതിയിൽ കൂറ്റൻ മരം നിൽക്കുന്നത്. മരത്തിെൻറ കടഭാഗം ഒരുവശത്തേക്ക് ചരിഞ്ഞുകൊണ്ടിരിക്കുകയാണ്. സംസ്ഥാന പാതയോരത്ത് താൽക്കാലികമായി കെട്ടിമറച്ച കുടിലിലാണ് ഫാത്തിമയും സഹോദരനും കഴിയുന്നത്.
മരം മുറിച്ചുമാറ്റണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വൈദ്യുതി കമ്പികൾക്ക് ഭീഷണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി മരത്തിെൻറ കൊമ്പുകൾ മാത്രം മുറിച്ചുമാറ്റുക മാത്രമാണ് അധികൃതർ ചെയ്തത്.
മരത്തിെൻറ അടിവേരുകൾ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. അപകടമുണ്ടായാൽ പുറത്തേക്ക് ഇറങ്ങിയോടാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഇരുവർക്കും.
മരം പൂർണമായി വെട്ടിമാറ്റി ഈ കുടുംബത്തിെൻറ ജീവന് സുരക്ഷിതത്വം നൽകണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.