പൊന്നാനി: ആർത്തലച്ച് വരുന്ന തിരമാലകൾക്ക് മുന്നിൽ നിസ്സഹായരായ മനുഷ്യജന്മങ്ങൾ മാത്രമാണിന്ന് തീരവാസികൾ. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടമാകുമ്പോൾ കൈയിൽ കിട്ടിയതുമായി രായ്ക്ക് രാമാനം ബന്ധുവീടുകളിലേക്ക് പോകാനാണ് തീരദേശവാസികളുടെ വിധി. തുടർച്ചയായി പെയ്യുന്ന മഴയിൽ കടൽ ഉഗ്രരൂപം പൂണ്ട് ആർത്തലച്ച് വരുമ്പോൾ അവസാന കച്ചിത്തുരുമ്പെന്ന പോലെ വീടുകൾക്ക് മുന്നിൽ നിർമിച്ച കൂറ്റൻ മണൽഭിത്തികളും കടൽ കവർന്നു. നേരത്തേ കാലവർഷത്തിൽ മാത്രമുണ്ടായിരുന്ന കടലാക്രമണം ഇപ്പോൾ വർഷത്തിൽ പലതവണയായി എത്തുകയാണ്. ന്യൂനമർദത്തിന് പുറമെ കടലാക്രമണവുമായതോടെ മുഴുപട്ടിണിയിലായി കടലോര വാസികൾ.
പൊന്നാനി ലൈറ്റ് ഹൗസ് റോഡ് പൂർണമായും നേരത്തേ തന്നെ കടൽ കവർന്നിരുന്നു. കൂടാതെ കാപ്പിരിക്കാടും തീരദേശ റോഡ് കടലാക്രമണത്തിൽ തകർന്നു. വേലിയേറ്റ സമയത്ത് രൂക്ഷമായ കടലാക്രമണമാണ് പൊന്നാനിയിൽ അനുഭവപ്പെടുന്നത്. തകർന്ന കടൽഭിത്തികൾ പുനർനിർമിക്കാൻ വൈകിയതാണ് കടലാക്രമണം വർധിക്കാനിടയാക്കിയത്. തിരമാലയോടൊപ്പം ചെളിവെള്ളവും വീടുകളിലേക്ക് അടിച്ച് കയറുന്നതിനാൽ തീരദേശത്തുള്ളവർ ഇവിടെ നിന്ന് മാറി താമസിക്കുകയാണ്. തീരദേശത്തെ കിണറുകളിലെല്ലാം ഉപ്പ് കലർന്നതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണിവർ. പലയിടത്തും ശക്തമായ കടലാക്രമണത്തിൽ കടൽഭിത്തി പൂർണമായും കടലെടുത്തു. അമ്പത് മീറ്ററിലധികം കരയാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊന്നാനിയിൽ മാത്രം കടൽ കവർന്നത്. ഓരോ കടലാക്രമണകാലത്തും വാഗ്ദാനങ്ങളുമായെത്തുന്ന അധികൃതരുടെ പാഴ് വാക്കിലും വിശ്വാസമില്ലാതെയായിരിക്കുകയാണിവർ.
പൊന്നാനി: കടലാക്രമണത്തിൽ വീടുകൾ നഷ്ടമായ നാല് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലെത്തി. പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. നാല് കുടുംബങ്ങളിൽ നിന്നായി 13 പേരാണ് ഇവിടെ കഴിയുന്നത്.
കാലേരത്ത് മുഹമ്മദ് കുട്ടി, മാഞ്ഞബ്രയകത്ത് സിദ്ദീഖ്, ചക്കന്റെകത്ത് റഹീമ, കോയസന്റെ കത്ത് ഉമൈബ എന്നിവരുൾപ്പെടെ 14 പേരാണ് ക്യാമ്പിലുള്ളത്.
മലപ്പുറം: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുകയാണ് ദുരന്തത്തിന്റെ കാഠിന്യം കുറക്കാനുള്ള പ്രധാന മാർഗം. മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണം. നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.
അടച്ചുറപ്പില്ലാത്ത വീടുകൾ, മേൽക്കൂര ശക്തമല്ലാത്ത വീടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യർഥിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ജില്ല ഇന്‍സിഡന്‍സ് റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര്.എസ്) ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികളും മുന്നൊരുക്കങ്ങളും വിലയിരുത്തി. വില്ലേജ്തല ദുരന്തനിവാരണ കമ്മിറ്റികള്‍ ചേരാത്ത സ്ഥലങ്ങളില്‍ അടിയന്തരമായി സമിതികള്‍ ചേരും. പൊന്നാനിയില്‍ കിളര് പള്ളിക്ക് സമീപമുള്ള മദ്റസ കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ പൊതുജനങ്ങളെ സമീപത്തുനിന്ന് മാറ്റാനും സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നല്കി.
അരീക്കോട് വെറ്റിലപ്പാറയില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഭാഗത്തുനിന്ന് ജനങ്ങളെ അടിയന്തരമായി മാറ്റിത്താമസിപ്പിക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 26 അംഗ സംഘം നിലമ്പൂര്‍ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നീലഗിരി ഭാഗങ്ങളിലെ മഴ മുന്നറിയിപ്പുകളും അധികൃതര്‍ നിരീക്ഷിച്ച് വരികയാണ്.
മലപ്പുറം: കാലവർഷം കനത്തതിനെ തുടർന്ന് ജില്ലയിൽ വീടുകൾക്ക് നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 38 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. തിരൂർ -1, പൊന്നാനി -1, തിരൂരങ്ങാടി -3, ഏറനാട് -8, നിലമ്പൂർ -1, കൊണ്ടോട്ടി -24 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം. ജില്ലയിൽ പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. നാല് കുടുംബങ്ങളിൽനിന്നായി 13 പേരാണ് ക്യാമ്പിൽ കഴിയുന്നത്. കൂടുതൽ മുൻകരുതൽ എന്ന നിലയിൽ പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂളിലും ക്യാമ്പ് സജ്ജമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.